അനശ്വര നടൻ പ്രേംനസീറിന്റെ സ്മരണയ്ക്കായി ജന്മനാടായ ചിറയിൻകീഴിലെ ശാർക്കരയിൽ ആറു വർഷം മുൻപു നിർമാണം തുടങ്ങിയ പ്രേംനസീർ സാംസ്കാരിക നിലയം പാതിവഴിയിൽ സ്തംഭനാവസ്ഥയിൽ. അടുത്ത വർഷം പ്രേംനസീർ ജന്മശതാബ്ദിയാഘോഷങ്ങൾക്കു സർക്കാർ നടപടികളാരംഭിച്ചതായി കഴിഞ്ഞ ദിവസം നിയമസഭയിൽ മന്ത്രി പി.സി.വിഷ്ണുനാഥ് പ്രഖ്യാപിച്ചിരിക്കെ കോടികൾ ചിലവഴിച്ചുള്ള സാംസ്കാരിക നിലയം എന്നു പൂർത്തിയാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിഴലിക്കുകയാണിപ്പോൾ.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആദ്യഘട്ടമെന്ന നിലയിൽ സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ലേശവും ഒരുക്കാത്ത മന്ദിരം ഉദ്ഘാടനത്തോടൊപ്പം പൂട്ടിക്കെട്ടുകയുമായിരുന്നു. പ്രേംനസീർ സ്മാരകം തലമുറ ഭേദമില്ലാതെയുള്ള മലയാളിയുടെ ആഗ്രഹങ്ങളിലൊന്നാണ്.
സ്മാരകമന്ദിരം ചലച്ചിത്ര പ്രേമികൾക്കായി എന്നു തുറന്നുനൽകാനാകുമെന്ന കാര്യത്തിൽ അധികൃതർക്കുപോലും ഉത്തരമില്ല. 2020 ഒക്ടോബറിലാണു തറക്കല്ലിട്ടത്.
മൂന്നു നിലകളിലായി ആകെ 15,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണു മന്ദിരസമുച്ചയം വിഭാവനം ചെയ്തിട്ടുള്ളത്. നിലവിൽ താഴത്തെ നില മാത്രമാണു നിർമാണം പൂർത്തിയായിട്ടുള്ളത്.
സാങ്കേതിക കാരണങ്ങളാണു നിർമാണം നീണ്ടുപോയതിനു കാരണമെന്നു ബന്ധപ്പെട്ടവർ പറയുന്ന പദ്ധതിയ്ക്കു ഇതുവരെ രണ്ടുകോടി 30 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. അതിനിടെ നിർമാണ സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്ലാനിൽ ഭേദഗതി വരുത്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമാണം ഇടയ്ക്കു വീണ്ടും തുടങ്ങിയെങ്കിലും പുരോഗതിയുണ്ടായില്ല.
സാംസ്കാരിക വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നുള്ള കൺസൾട്ടൻസി ഏക ആർക്കിടെക്റ്റിനെ നിയമിച്ചു സാങ്കേതികാനുമതി ലഭ്യമാക്കിയാണു നിർമാണം തുടങ്ങിയത്. സ്ട്രക്ച്ചറൽ പ്ലാൻ നിലനിർത്തിക്കൊണ്ടു പുതുക്കിയ ഫ്ളോർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള മൾട്ടിപർപ്പസ് ഹാൾ, ഡയസ്, ഗ്രീൻറൂം, മ്യൂസിയം, അഡ്മിൻഓഫിസ്, ശുചിമുറി, റിസപ്ഷൻഡെസ്ക്, ബാക്ക് ഓഫിസ് എന്നിവയുടെ നിർമാണപ്രവർത്തനങ്ങളാണു അനിശ്ചിതത്വത്തിലായിട്ടുള്ളത്.
ഓപ്പൺ എയർ തീയേറ്ററിനും ഒന്നാംനിലയിൽ നിർമിക്കേണ്ട തിയേറ്ററിനുള്ള തൂണുകളുടെ നിർമാണം മാത്രമാണു നടന്നിട്ടുണ്ടെന്നിരിക്കേ പ്രിയനടന്റെ ജന്മശതാബ്ദിയാഘോഷ പരിപാടികൾക്കു ചിറയിൽകീഴിനു സാക്ഷ്യം വഹിക്കാനാവുമോയെന്ന കാര്യത്തിൽ ഒട്ടേറെ സന്ദേഹങ്ങൾ ജനങ്ങൾക്കിടയിലുയരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

