പ്രായപൂർത്തിയാകാത്ത മകൻ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ച് അഡിഷനൽ ജഡ്ജി. അപകടമുണ്ടാക്കിയ വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവും കാറുടമയുമായ ജഡ്ജിയെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.
സംഭവദിവസം താൻ നേരത്തേ ഉറങ്ങാൻ പോയതായിരുന്നെന്നും ക്ഷീണിതനായതിനാൽ ആരും വിളിച്ചുണർത്തരുതെന്ന് കുടുംബാംഗങ്ങൾ മാത്രം അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നുവെന്നും ജഡ്ജി മൊഴി നൽകി. മകന് വാഹനം ഓടിക്കാൻ അറിയാമെന്നോ അവൻ രാത്രിയിൽ കാറുമായി പുറത്തുപോകാറുണ്ടെന്നോ തനിക്ക് യാതൊരു വിവരവുമില്ലായിരുന്നു.
അപകടത്തെക്കുറിച്ച് വിളിച്ചറിയിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നും ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇന്നു രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകാൻ ജഡ്ജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യു ട്യൂബ് നോക്കിയാണ് താൻ വാഹനം ഓടിക്കാൻ പഠിച്ചതെന്നാണ് പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി. ഇതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി അഡിഷനൽ ജഡ്ജി കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ ഹർജി ഇന്ന് കോടതി പരിഗണിക്കും. ഇതിന്റെ ഭാഗമായി ജഡ്ജിയുടെ ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.
ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഘം ഫ്ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ജഡ്ജിയുടെ മകനായ പതിനേഴുകാരൻ മുൻപും രാത്രികാലങ്ങളിൽ വാഹനങ്ങളുമായി പുറത്തുപോയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.
ഹാർഡ് ഡിസ്കിൽ ലഭ്യമായ അത്രയും ദിവസങ്ങളിലെ ദൃശ്യങ്ങൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധന പുലർച്ചെ വരെ നീണ്ടിരുന്നു.
ഇതിനൊടുവിൽ ഫ്ലാറ്റിലുണ്ടായിരുന്ന ആഡംബര ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

