കാർഷിക പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്ന്, കർഷകരുടെ പ്രതിസന്ധികൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ ഒരു യുവതിയുടെ സംരംഭകത്വ വിജയം ശ്രദ്ധേയമാകുന്നു. കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കാലി പാറത്തോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഫ ഫാം ഫ്രഷ് മിൽക്ക് എന്ന സംരംഭത്തിലൂടെയാണ് റിനി ഇബ്രാഹിം വിജയത്തിന്റെ പടവുകൾ കയറുന്നത്.
പിതാവ് കാണിച്ച പാതയിലൂടെ സഞ്ചരിച്ച് ഈ രംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്താനാണ് റിനിയുടെ തീരുമാനം. പേരു സൂചിപ്പിക്കുന്നതുപോലെ പാലും വിവിധ പാലുൽപന്നങ്ങളുമാണ് ഇവിടെ തയ്യാറാക്കി വിപണിയിലെത്തിക്കുന്നത്.
നാച്ചുറൽ പാൽ, പാക്കറ്റ് പാൽ, ലോ ഫാറ്റ് മിൽക്ക്, പനീർ എന്നിവയാണ് പ്രധാന ഉൽപന്നങ്ങൾ. ഇതിൽ പാൽ വിൽപനയാണ് കൂടുതലായി നടക്കുന്നത് എങ്കിലും, തൈര്, സംഭാരം, നെയ്യ്, പനീർ തുടങ്ങിയ മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ നിന്നാണ് മികച്ച ലാഭം ലഭിക്കുന്നത്.
സ്വന്തം ഫാമിലെ 25 പശുക്കളുടെ പാൽ നേരിട്ട് ഡയറിയിൽ നൽകിയാൽ കർഷകർക്ക് ലഭിക്കുന്ന പ്രതിഫലം വളരെ തുച്ഛമാണ്. ഇത് കാലിത്തീറ്റ വാങ്ങാനോ തൊഴിലാളികൾക്ക് കൂലി നൽകാനോ തികയില്ലെന്ന തിരിച്ചറിവാണ് നേരിട്ടുള്ള വിപണനത്തിലേക്ക് തിരിയാൻ റിനിക്ക് പ്രചോദനമായത്.
ആവശ്യക്കാർക്ക് പാൽ നേരിട്ട് എത്തിച്ചു തുടങ്ങിയതോടെ 30 ശതമാനം വരെ അധികവില നേടാൻ സാധിച്ചു. തുടക്കത്തിൽ സ്വന്തം ഫാമിലെ പാൽ മാത്രമാണ് വിറ്റിരുന്നതെങ്കിലും, ആവശ്യക്കാർ ഏറിയതോടെ മറ്റ് കർഷകരിൽ നിന്നും പാൽ സംഭരിക്കാൻ ആരംഭിക്കുകയായിരുന്നു.
മൂന്നുവർഷം മുൻപ് പ്രതിദിനം 500 ലീറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലയളവ് കൊണ്ട് വിപണിയുടെ പ്രീതി പിടിച്ചുപറ്റാൻ ഈ സംരംഭത്തിന് സാധിച്ചു.
ഇപ്പോൾ പ്രതിദിനം 2,500 ലീറ്റർ പാൽ ഇവിടെ സംസ്കരിക്കുന്നുണ്ട്. ഡയറിയെ അപേക്ഷിച്ച് മെച്ചപ്പെട്ട
വില നൽകുന്നതിനാൽ കർഷകരും സന്തോഷത്തോടെയാണ് പാൽ നൽകുന്നത്. ശരാശരി മൂന്നു ലക്ഷം രൂപയുടെ പ്രതിമാസ വിൽപന നടക്കുന്ന ഈ സ്ഥാപനത്തിൽ നിന്നും 20 മുതൽ 30 ശതമാനം വരെ അറ്റാദായം ലഭിക്കുന്നുണ്ട്.
പ്ലാന്റിൽ ഏകദേശം ഒരുകോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ബോയിലർ, ഹോമോജിനൈസർ, ക്രീം സെപ്പറേറ്റർ, കൂൾ റൂം, ഓട്ടമാറ്റിക് പായ്ക്കിങ് മെഷീൻ തുടങ്ങിയ ആധുനിക യന്ത്രസാമഗ്രികളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ 3,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം, വാഹനങ്ങൾ, ടെസ്റ്റിങ് ഉപകരണങ്ങൾ എന്നിവയിലും മുതൽമുടക്കിയിട്ടുണ്ട്. വിതരണ വിഭാഗത്തിലെ ഡ്രൈവർമാർ ഉൾപ്പെടെ 15 പേർക്ക് ഇവിടെ തൊഴിലും ലഭിക്കുന്നുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് വി.എം. ഇബ്രാഹിംന്റെ സ്വപ്ന പദ്ധതി കൂടിയാണിത്.
ഗൾഫിൽ ആയിരുന്നുകൊണ്ട് തന്നെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായ പങ്കുവഹിക്കുന്നുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ റിനി ഇബ്രാഹിം തന്റെ കുടുംബത്തോടൊപ്പം ബിസിനസ്സും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നു.
ഫിദ ഫാത്തിമ, ഐറ മറിയം എന്നാണ് മക്കളുടെ പേര്. ഈരാറ്റുപേട്ട, എരുമേലി, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ വിതരണം നടക്കുന്നത്.
കോട്ടയം ജില്ലയിൽ തന്നെ വിൽക്കാൻ തികയാത്ത സ്ഥിതിയായതിനാൽ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടില്ല. സ്വന്തം ഫാമിലെ ഫ്രഷ് മിൽക്ക് ഉപയോഗിച്ച്, 80 ഡിഗ്രിയിൽ കൃത്യമായ പാസ്ചുറൈസേഷനും പിന്നീട് രണ്ടു ഡിഗ്രിയിൽ കൂളിങ്ങും ഉറപ്പാക്കുന്നുണ്ട്.
പാലിലെ ക്രീം ഊറ്റിയെടുക്കാതെ കൊഴുപ്പ് കൂടിയതും കുറഞ്ഞതുമായ പാലുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന പ്രത്യേകത. പനീറിന്റെ ഉൽപാദനം ഇരട്ടിയാക്കാനും പുതിയതായി സിപ്അപ്പ് നിർമാണത്തിലേക്ക് കടക്കാനുമുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
സസ്യാഹാരികൾക്കിടയിൽ പനീറിന് വൻ ആവശ്യക്കാരാണുള്ളത്. പുതിയ സംരംഭകർക്ക് ചെറിയ രീതിയിൽ പോലും തുടങ്ങാവുന്നതാണ് ഇത്തരം ലഘുസംരംഭങ്ങൾ.
ഫാമിൽ നിന്ന് പാൽ ശേഖരിച്ച് ടൗണിൽ എത്തിച്ചു വിറ്റാൽ പോലും മികച്ച വിജയം നേടാൻ സാധിക്കുമെന്ന് റിനി വ്യക്തമാക്കുന്നു. വിലാസം:
റിനി ഇബ്രാഹിം
സഫ ഫാം ഫ്രഷ് മിൽക്ക്
പാറത്തോട്, മുക്കാലി
കാഞ്ഞിരപ്പള്ളി – 686507
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

