കൊച്ചിയിലെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പ്രായപൂർത്തിയാകാത്ത കുട്ടി അമിതവേഗതയിൽ കാറോടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട
സംഭവത്തിൽ പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളമാണ് നീണ്ടുനിന്നത്.
ഇതിനുപുറമേ, ആലുവ കമ്പനിപ്പടിയിലുള്ള വസതിയിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. പുലർച്ചെ 3.30 വരെ നീണ്ട
മുൻ പരിശോധനകൾക്ക് ശേഷമാണ് വീണ്ടും നടപടികൾ ഉണ്ടായത്. അപകടവുമായി ബന്ധപ്പെട്ട്, പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപ്പീലിൽ മറുപടി നൽകാൻ പ്രതിഭാഗത്തിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസ് വരുന്ന വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കൂടാതെ, നാളെ രാവിലെ 11 മണിക്ക് അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഹാജരാകാൻ ജഡ്ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മകൻ താനറിയാതെയാണ് പുലർച്ചെ ബെൻസ് കാറുമായി പുറത്തിറങ്ങിയതെന്നായിരുന്നു ജഡ്ജിയുടെ മൊഴി. ഇരിങ്ങാലക്കുട
മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ അഡീഷണൽ ജില്ലാ ജഡ്ജിയായ ഇദ്ദേഹത്തിനെതിരെ പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം കൈമാറിയതിന് മോട്ടർ വാഹന നിയമത്തിലെ 199 എ(2) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഇന്നലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിശദമായ മൊഴി രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഇന്ന് പൊലീസ് ക്ലബിലേക്ക് വീണ്ടും വിളിപ്പിച്ചത്. ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം ആറര മണിക്കൂറിലധികം പരിശോധന നടത്തിയിരുന്നു.
ഇവിടെ നിന്നും ആഡംബര ഇരുചക്രവാഹനവും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിലാണ്.
അപകടത്തിന് തൊട്ടുമുമ്പ് കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന എട്ട് സെക്കൻഡ് ദൈർഘ്യമുള്ള നിർണായക വീഡിയോ പ്രതിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആർസി റദ്ദാക്കാനും പ്രതിക്ക് 25 വയസ്സ് ആകും വരെ ലൈസൻസ് നൽകുന്നത് തടയാനുമുള്ള നടപടികൾ മോട്ടർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കേസിൽ വീഴ്ച വരുത്തിയ ചേരാനല്ലൂർ സിഐ അടക്കം നാല് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപ്പീലിൽ കക്ഷി ചേരാൻ കൊല്ലപ്പെട്ട
ജയബാലകൃഷ്ണന്റെ കുടുംബവും അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ കക്ഷി ചേരാൻ കഴിയുമോ എന്ന കാര്യം കോടതി പരിശോധിച്ചു വരികയാണെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
നിയമപ്രകാരം ഇത് സാധ്യമാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. പുലർച്ചെ 1.26 ന് എടുത്തുകൊണ്ടുപോയ വാഹനവുമായി 2.20 ന് പ്രതി അപകടമുണ്ടാക്കിയത് വീട്ടുകാർ അറിഞ്ഞില്ലെന്ന വാദം അവിശ്വസനീയമാണെന്നും ഇതിൽ ഗൂഡാലോചനയുണ്ടെന്നും കുടുംബം ആരോപിച്ചു.
അവർ അറിഞ്ഞുകൊണ്ട് കള്ളം പറയുകയാണെന്നും ലൈസൻസില്ലാത്ത 17 കാരൻ മുമ്പും അതിവേഗത്തിൽ വാഹനമോടിച്ചത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുവെന്നും എന്നാൽ അത് ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണെന്നും ജയബാലകൃഷ്ണന്റെ കുടുംബം വാദിച്ചു. തുടർന്ന് പ്രതിഭാഗത്തിന് മറുപടി സമർപ്പിക്കാനും അനുബന്ധ രേഖകൾ ഹാജരാക്കാനുമായി കേസ് ഈ മാസം 30 ലേക്ക് മാറ്റി.
ഇതിനിടയിൽ, ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി രജിസ്ട്രാറുമായി കൂടിക്കാഴ്ച നടത്തി പരാതികൾ അറിയിച്ചു. പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമെന്ന് രജിസ്ട്രാർ കുടുംബത്തെ അറിയിച്ചു.

