സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ 3000 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ സ്വന്തമാക്കിയ ജി.അക്ഷയയുടെ കുടുംബം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധികൾ. ഫ്ലെക്സ് കൊണ്ട് മേൽക്കൂര മറച്ചുകെട്ടിയ ഒറ്റമുറി ഷെഡ്ഡിലാണ് അക്ഷയയും അഞ്ചംഗ കുടുംബവും കഴിയുന്നത്.
ജൂനിയർ 3000 മീറ്ററിൽ വെങ്കല മെഡൽ നേടിയ എം. ഇനിയയുടെ അവസ്ഥയും ഇതിലും വ്യത്യസ്തമല്ല.
നാലംഗ കുടുംബത്തോടൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് ഇനിയയുടെ താമസം. മുൻ മേളകളിലും ഇവർ മെഡലുകൾ നേടിയിരുന്നെങ്കിലും കടുത്ത ദാരിദ്ര്യമാണ് ഇവരുടെ ജീവിതപശ്ചാത്തലം.
കഴിഞ്ഞ തവണയും ഈ താരങ്ങളുടെ ദുരിതജീവിതം വാർത്തയായിരുന്നു. തുടർന്ന് ഇവർക്ക് പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരസ്യമായി പ്രഖ്യാപനം നടത്തിയെങ്കിലും പിന്നീട് യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ല.
പാലക്കാട് പനങ്ങാട്ടിരി ആർപിഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അക്ഷയ. കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം അക്ഷയയുടെ ചേച്ചിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പോലും നീണ്ടുപോവുകയാണ്.
കൂടാതെ സഹോദരൻ ഗുരുതരമായ ആസ്മ രോഗബാധിതനുമാണ്. പാലക്കാട് പറളി എച്ച്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഇനിയയുടെ വാടകവീട്ടിൽ നിന്നുതിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
മഴ പെയ്താൽ വീട് പൂർണ്ണമായും ചോർന്നൊലിക്കുകയും അടുപ്പിൽ വെള്ളം നിറയുകയും ചെയ്യുന്ന ദുരിതപൂർണ്ണമായ സാഹചര്യത്തിലാണ് ഈ കൊച്ചു കായികതാരങ്ങൾ ജീവിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

