ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സുപ്രധാന മാറ്റങ്ങളുമായി ഗൂഗിൾ. മാൽവെയർ ആപ്പുകളിൽ നിന്നും തട്ടിപ്പുകാരിൽ നിന്നും ഫോൺ ബുക്കിനെ സംരക്ഷിക്കുന്നതിനായി ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളിൽ നിരവധി സുരക്ഷാ മുൻകരുതലുകൾ ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായി, ഉപയോക്താക്കളുടെ അനുവാദമില്ലാതെ ആപ്പുകൾക്ക് ഫോൺബുക്കിലെ കോൺടാക്റ്റുകളിൽ നേരിട്ട് മാറ്റങ്ങൾ വരുത്തുന്നത് തടയുന്ന പുതിയ സംവിധാനം ആൻഡ്രോയിഡ് 18-ൽ കൊണ്ടുവരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബർ 21-ന് നടത്തിയ പ്രഖ്യാപനം അധികം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെങ്കിലും, കമ്മ്യൂണിറ്റി മാനേജർ മിഷാൽ റഹ്മാൻ എക്സ് (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ സുപ്രധാന മാറ്റം പുറംലോകം അറിയുന്നത്.
ഒറ്റ കോൺടാക്റ്റ് സേവ് ചെയ്യാൻ പോലും ആപ്പുകൾ ചോദിക്കുന്ന ‘WRITE_CONTACTS’ അനുമതി ഫോൺബുക്കിലെ ഏത് നമ്പറും ചേർക്കാനോ മാറ്റം വരുത്താനോ ആപ്പുകൾക്ക് അധികാരം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് വലിയൊരു സുരക്ഷാ വീഴ്ചയാണ്.
വ്യാജ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരിൽ വ്യാജ നമ്പറുകൾ രഹസ്യമായി ചേർക്കാനോ നിലവിലുള്ള നമ്പറുകൾ മാറ്റാനോ ഇതിലൂടെ സാധിക്കുമായിരുന്നു. ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി, ആൻഡ്രോയിഡ് 18 മുതൽ ഗൂഗിൾ ഒരു സ്റ്റാൻഡേർഡ് കോൺടാക്റ്റ് എഡിറ്റർ ഇന്റർഫേസ് നൽകും.
കോൺടാക്റ്റുകൾ ചേർക്കുകയോ എഡിറ്റ് ചെയ്യുകയോ മാത്രം വേണ്ടുന്ന ആപ്പുകൾക്ക് ഇനി മുതൽ കൂടുതൽ അധികാരമുള്ള ‘WRITE_CONTACTS’ അനുമതി ആവശ്യമില്ലെന്ന് ഇത് ഉറപ്പാക്കും. ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ഹാഫ്-ഷീറ്റ് കോൺടാക്റ്റ് എഡിറ്ററിന്റെ മാതൃകയും മിഷാൽ റഹ്മാൻ തന്റെ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങളായ ഇമെയിൽ വിലാസം, കമ്പനിയുടെ പേര്, ജന്മദിനം എന്നിവ ചേർക്കുന്നതിനായി ഫുൾ-സ്ക്രീൻ എഡിറ്ററും ലഭ്യമാകും. തേർഡ് പാർട്ടി കോൺടാക്റ്റ് മാനേജർമാർക്കും ഡയലറുകൾക്കും സ്പാം ബ്ലോക്കറുകൾക്കും ഇതിലൂടെ യാതൊരു തടസ്സവും നേരിടില്ല.
ആൻഡ്രോയിഡ് 17-ലും അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്നതിനായി ഇവയ്ക്ക് പുതിയ ‘MANAGE_CONTACTS’ അനുമതി തേടാവുന്നതാണ്. ഈ അനുമതി വരാനിരിക്കുന്ന ആൻഡ്രോയിഡ് 17 QPR2 പതിപ്പിൽ ലഭ്യമാകും.
തുടർന്ന്, 2027-ഓടെ ഗൂഗിൾ പ്ലേ കൺസോളിലൂടെ ഡെവലപ്പർമാർ ഇതിനായുള്ള ഡിക്ലറേഷൻ സമർപ്പിക്കേണ്ടി വരും. സാധാരണയായി ലഭിക്കുന്ന പെർമിഷൻ പോപ്പ്-അപ്പ് വഴിയല്ലാതെ, Settings > Special app access > Manage contacts വഴി ഉപയോക്താക്കൾ ഈ അനുമതി നൽകേണ്ടതുണ്ട്.
സ്റ്റാൻഡേർഡ് ഇന്റർഫേസിന് പകരം കസ്റ്റം കോൺടാക്റ്റ് എഡിറ്റർ ഉപയോഗിക്കാൻ ഡെവലപ്പർമാർ ആഗ്രഹിക്കുന്നു എന്ന കാരണത്താൽ മാത്രം ഒരു ആപ്പിന് ഈ പ്രത്യേക അനുമതി ലഭിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റം മറ്റൊരു ഗുണം കൂടി നൽകുന്നുണ്ട്.
നിലവിലുള്ള കോൺടാക്റ്റ് എഡിറ്ററുകൾ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഒരേ പോലെ പ്രവർത്തിക്കണമെന്നില്ല. ചില ആപ്പുകൾ നൽകുന്ന വിവരങ്ങൾ കൃത്യമായി സേവ് ചെയ്യപ്പെടാറില്ല.
ഉപയോക്താക്കൾ അബദ്ധത്തിൽ ബാക്ക് ബട്ടൺ അമർത്തുമ്പോൾ കോൺടാക്റ്റ് സേവ് ആയിപ്പോകുന്ന പ്രശ്നങ്ങളും ഇതിലൂടെ ഒഴിവാക്കാനാകും. എഡിറ്റിംഗ് ഇന്റർഫേസ് ഒരേ പോലെ ക്രമീകരിക്കുന്നതിലൂടെ ആൻഡ്രോയിഡ് ഫോണുകളിൽ കോൺടാക്റ്റുകൾ സേവ് ചെയ്യുന്നതും അപ്ഡേറ്റ് ചെയ്യുന്നതും സുഗമമായി നടക്കുമെന്ന് ഗൂഗിൾ ഉറപ്പുനൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

