ദുബായിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്ക് കരുത്തുപകരുന്ന നിർണായക പ്രഖ്യാപനവുമായി കിരീടവകാശി ഷെയ്ഖ് ഹംദാൻ രംഗത്തെത്തി. എഐ കാമ്പസിലേക്ക് ആയിരത്തോളം പുതിയ സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾക്ക് അദ്ദേഹം ഔദ്യോഗിക അംഗീകാരം നൽകി.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മേഖലയിൽ അയ്യായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ദുബായ് ശക്തമായി തുടരുകയാണ്.
ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയായ മൂന്നാമത് ദുബായ് എഐ ഫെസ്റ്റിവലിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ‘Where Intelligence Meets Opportunity’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ചിരിക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള പ്രമുഖ എഐ കമ്പനികളും വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ കീഴിലുള്ള ദുബായ് എഐ ക്യാമ്പസും യുഎഇ എഐ സഹമന്ത്രാലയവും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷം മുൻപ് പ്രവർത്തനമാരംഭിച്ച എഐ ക്യാമ്പസിൽ നിലവിൽ അഞ്ഞൂറിലധികം കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
സ്വകാര്യ ഇക്വിറ്റി, വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകൾ എന്നിവയിൽ നിന്ന് ഇതിനോടകം തന്നെ ഈ സ്ഥാപനങ്ങൾക്ക് ഒരു ബില്യൺ ദിർഹത്തിലധികം നിക്ഷേപം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ എണ്ണം ആയിരത്തിലധികം ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ആഗോളതലത്തിലെ പ്രമുഖരെ ആകർഷിക്കാനും അതുവഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ദുബായിയെ ലോകത്തിന്റെ നെറുകെയിലെത്തിക്കാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂതന സാങ്കേതികവിദ്യയുടെ സാധ്യതകളെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയാക്കി മാറ്റേണ്ടതുണ്ട്.
സർക്കാർ, സ്വകാര്യ മേഖലകളിൽ എഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് എല്ലാവിധ പിന്തുണയും തുടർന്നും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

