ലോകം ഉറ്റുനോക്കുന്ന ഇസ്രയേലിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരിനിടയിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയർന്നു. ജനം ഇരമ്പിയെത്തുകയും പോളിങ് റെക്കോർഡ് തകർക്കുകയും ചെയ്ത തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളാണ് ക്രൂഡോയിൽ വിലയുടെ തിരിച്ചുകയറ്റത്തിന് വഴിവച്ചത്.
120 സീറ്റിൽ 61 സീറ്റു കിട്ടുന്നവരാണ് ഭരണം പിടിക്കുക. നിലവിലെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 50 സീറ്റുകളാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. നെതന്യാഹു നയിക്കുന്ന തീവ്രവലതു പക്ഷത്തെ താഴെയിറക്കാൻ മുൻനിരയിലുള്ള മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട് നയിക്കുന്ന സഖ്യത്തിന് 51-52 സീറ്റുകളും പ്രവചിക്കുന്നു.
അറബ് പാർട്ടികൾ 17-18 സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. ഫലം വരുമ്പോൾ ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ പ്രധാനമന്ത്രി പദത്തിൽ ‘കാവലാൾ’ ആയി നെതന്യാഹു തുടരുകയും ഇസ്രയേൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് കടക്കുകയും ചെയ്യും.
ഇതിനുപക്ഷേ കാലതാമസമുണ്ടാകും. പ്രധാനമന്ത്രി പദത്തിൽ തുടരുന്ന നെതന്യാഹു, ഇറാനെതിരെ ആക്രമണം കടുപ്പിക്കാനുള്ള സാധ്യതയുണ്ട്.
ഇത് എണ്ണവില വർധനയ്ക്കൊരു കാരണമാണ്. മറ്റൊന്ന് അറബ് പാർട്ടികളുടെ പിന്തുണ വാങ്ങി ഗാദി ഐസൻകോട്ട് ഭരണം പിടിക്കുമോയെന്നാണ്.
ഐസൻകോട്ട് ഭരണത്തിലേറിയാലും ഇറാനെ കാത്തിരിക്കുന്നത് വെല്ലുവിളി തന്നെയാണെന്ന വിലയിരുത്തലും എണ്ണവിലയെ മേലോട്ട് നയിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.48% ഉയർന്ന് 115.6 ഡോളറിലും അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 1.10% വർധിച്ച് 101 ഡോളറിലും എത്തി.
ഇന്നലെ ബ്രെന്റ് വില 114 ഡോളറിലേക്കും അമേരിക്കൻ ക്രൂഡ് വില 99 ഡോളറിലേക്കും താഴ്ന്നിരുന്നു. ഐസൻകോട്ടും അറബ് പാർട്ടികളും ഒന്നിക്കാനുള്ള സാധ്യത വിരളമാണ്.
ആശയപരമായി ഇരുപക്ഷവും തമ്മിലെ ഭിന്നതയാണ് കാരണം.
അറബ് പാർട്ടികൾക്ക് ആഭിമുഖ്യമുള്ള മേഖലകളിൽ കനത്ത പോളിങ് ഉണ്ടായത് ഇസ്രയേലിന് ഭീഷണിയാണെന്നും വോട്ടുചെയ്യാത്തവർ ഉടൻ വോട്ടു ചെയ്യണമെന്നും നെതന്യാഹു അഭ്യർഥിച്ചിരുന്നു. ഇന്നലെ വൈകിട്ട് 8 മണിവരെയുള്ള കണക്കുപ്രകാരം 74 ശതമാനമാണ് പോളിങ്.
ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പോളിങ് നിരക്കാണിത്. 2022ലേതിനേക്കാൾ 8% അധികവും.
ഇന്ത്യയിൽ ഇന്ന് ജിയോയുടെ മഹാ അരങ്ങേറ്റം
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വമ്പൻ ഐപിഒ എന്ന പെരുമ സ്വന്തമാക്കിയ ജിയോ ഇന്ന് വിപണിയിൽ അരങ്ങേറ്റം കുറിക്കും. ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) ഏതാണ്ട് 22 ശതമാനമാണ്.
1119 രൂപയായിരുന്നു ഐപിഒയിൽ ഓഹരിവില. ലിസ്റ്റിങ് 1370 രൂപയിലോ അതിനു മുകളിലോ നടന്നേക്കാം.
ഒരു ലോട്ട് എങ്കിലും ലഭിച്ചവർക്ക് കുറഞ്ഞത് 3000 രൂപയുടെ ലാഭമെങ്കിലും ലിസ്റ്റിങ്ങിൽ കിട്ടുമെന്നാണ് കരുതുന്നത്. ജിയോ ഓഹരി വിൽക്കരുതെന്നും ദീർഘകാല നേട്ടം ഉറപ്പാക്കാനായി വാങ്ങി കൈവശം വയ്ക്കുന്നതാണ് ഉചിതമെന്നും ആനന്ദ് റാഠി ഷെയേഴ്സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ ഫണ്ടമെന്റൽ റിസർച്ച്, ഇൻവെസ്റ്റ്മെന്റ് സർവീസസ് മേധാവി നരേന്ദ്ര സോളങ്കി ഉൾപ്പെടെയുള്ള അനലിസ്റ്റുകൾ വാദിക്കുന്നുണ്ട്.
വിപണിക്ക് തകർച്ചപ്പേടി
ജിയോയുടെ മഹാ അരങ്ങേറ്റം ഒരുവശത്ത് ആവേശമാകുമെങ്കിലും മറുവശത്ത് ഇന്ത്യൻ ഓഹരികൾ തളർച്ചയുടെ ഭീതിയിലാണ്. ക്രൂഡോയിൽ വില വർധനയാണ് പ്രധാന ആശങ്ക.
എഐ ഭീമനായ ആന്ത്രോപിക് ഐപിഒ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യൻ ഐടി ഓഹരികൾ നേരിടുന്ന തളർച്ചയാണ് മറ്റൊന്ന്. രാവിലെ ഗിഫ്റ്റ് നിഫ്റ്റി 157 പോയിന്റ് (-0.68%) ഇടിഞ്ഞു.
സെൻസെക്സും നിഫ്റ്റിയും ഇന്ന് താഴ്ന്ന് വ്യാപാരം തുടങ്ങിയേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു. അതേസമയം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്നലെ 4240 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നത് ഇന്ത്യൻ വിപണിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
രൂപയും ഡോളറിനെതിരെ 3 പൈസ ഉയർന്ന് 95.12ൽ എത്തി. യുഎസ് ഫെഡിന്റെ പലിശനയം ഇന്ന്
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഇന്നാണ്.
പലിശനിരക്ക് കൂട്ടാൻ സാധ്യതയില്ല. എങ്കിലും യുഎസ് ഫെഡ് ചെയർമാൻ കെവിൻ വാർഷ് പലിശനിരക്കിന്റെ ഭാവിയെക്കുറിച്ച് പറയുന്ന വാക്കുകൾ ആഗോളതലത്തിൽ ഓഹരി, കടപ്പത്രം, കറൻസി, സ്വർണം, ക്രിപ്റ്റോകറൻസി വിപണികളുടെ ഗതിയെ മാറ്റിമറിക്കും.
ദക്ഷിണ കൊറിയൻ സെമികണ്ടക്ടർ (ചിപ്) കമ്പനിയായ എസ്കെ ഹൈനിക്സ് പ്രതീക്ഷകളെ കവച്ചുവച്ച പ്രവർത്തനഫലം പുറത്തുവിട്ടതും യുഎസിൽ പലിശനിരക്ക് ഇക്കുറി കൂട്ടില്ലെന്ന വിലയിരുത്തലും യുഎസ്, ഏഷ്യൻ ഓഹരി വിപണികൾക്ക് കരുത്തായി. എസ്കെ ഹൈനിക്സ് ഓഹരികൾ 8 ശതമാനമാണ് മുന്നേറിയത്.
യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.60%, ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് 1.18%, ഡൗ ജോൺസ് 0.03% എന്നിങ്ങനെ ഉയർന്നു. ആന്ത്രോപിക് ഐപിഒ നീക്കം ടെക് കമ്പനികൾക്ക് പകരുന്ന ആവേശവും വിപണിക്ക് കരുത്തായി.
ജാപ്പനീസ് നിക്കേയ് 1.22%, ദക്ഷിണ കൊറിയൻ കോസ്പി 2%, ഷാങ്ഹായ് 0.16% എന്നിങ്ങനെ ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്സ് സൂചികകളും പൊതുവേ നേട്ടത്തിലാണ്.
ആന്ത്രോപിക്കുമായി ബിസിനസ്, നിക്ഷേപ ബന്ധങ്ങളുള്ള ബ്രോഡ്കോം 4%, എഎംഡി 5.5%, മൈക്രോൺ ടെക്നോളജി 2.8% എന്നിങ്ങനെ ഉയർന്നതും യുഎസ് വിപണികളെ നേട്ടതത്തിലേക്ക് നയിച്ചു. സ്വർണവില കൂടുതൽ മേലോട്ട്
യുഎസിൽ പലിശനിരക്ക് ഉടൻ കൂടാനുള്ള സാധ്യത മങ്ങിയത് സ്വർണവിപണിക്ക് നേട്ടമായി.
രാജ്യാന്തര സ്വർണവില ഔൺസിന് ഒരുവേള 4065 ഡോളർ വരെയെത്തി. ഇന്നലെ വില 4000-4020 ഡോളർ നിരക്കിലായിരുന്നു.
ഇപ്പോൾ വിലയുള്ളത് 4048 ഡോളറിൽ. കേരളത്തിൽ ഇന്നും വില കൂടും.
ശ്രദ്ധയിൽ ഇവർ
ഇന്ന് നിക്ഷേപരുടെ ശ്രദ്ധയിലുള്ള പ്രധാന ഓഹരികളിൽ ഏറ്റവും മുന്നിൽ ജിയോ പ്ലാറ്റ്ഫോംസും മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസും തന്നെ. ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് പുറമേ കടപ്പത്രങ്ങളിറക്കി (എൻസിഡി) പണം സമാഹരിക്കാനുള്ള നീക്കവുമാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളെ ശ്രദ്ധേകേന്ദ്രമാക്കുക.
ഒക്ടോബർ 30ന് റിലയൻസ് സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടുന്നുമുണ്ട്. ∙ എൽ ആൻഡ് ടി ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടു.
സംയോജിതലാഭം 33%, വരുമാനം 16% എന്നിങ്ങനെ ഉയർന്നു. ∙ ടാറ്റ ക്യാപിറ്റലിന്റെ സംയോജിത ലാഭം 51% ഉയർന്നു.
∙ മാരുതി സുസുക്കിക്ക് ലാഭത്തിൽ 26% കുറവുണ്ടായി. പ്രവർത്തന വരുമാനം 26% വർധിച്ചു.
∙ അദാനി പോർട്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, അദാനി എന്റർപ്രൈസസ്, ടിവിഎസ് മോട്ടർ കമ്പനി, ഹ്യുണ്ടായ് ഇന്ത്യ, ഹീറോ മോട്ടോകോർപ്പ്, വേദാന്ത അലുമിനിയം, വേദാന്ത, ബന്ധൻ ബാങ്ക് തുടങ്ങിയവ ഇന്ന് പ്രവർത്തനഫലം പുറത്തുവിടും. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

