കൊല്ലത്ത് നിന്ന് കാണാതായ ഏബ്രഹാം ഓറോൺ (12) എന്ന ബംഗാളി ബാലനെ ഒടുവിൽ ഗോവയിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ആർപിഎഫ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
തുടർന്ന് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറി. 22ന് വൈകിട്ട് കൊല്ലത്തു നിന്നും കാണാതായ കുട്ടിയെ 23ന് രാത്രിയാണ് ഗോവയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്.
അന്നുമുതൽ സിഡബ്ല്യുസി സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ നിലവിൽ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒറ്റയ്ക്കു ട്രെയിൻ കയറിയെത്തിയ കുട്ടിയെ കണ്ട് സംശയം തോന്നിയതിനെ തുടർന്ന് ആർപിഎഫ് അംഗങ്ങൾ തടഞ്ഞുനിർത്തുകയും സിഡബ്ല്യുസിക്ക് കൈമാറുകയുമായിരുന്നു.
ഇവർ ഗോവ കെഎംസിസി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയും കാസർകോട് സ്വദേശിയുമായ ഹംസ സാഗറിനെ ബന്ധപ്പെടുകയും നാട്ടിലെ മിസ്സിങ് കേസുകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കേരളത്തിൽ നിന്നും നിരവധി കുട്ടികൾ നാടുവിട്ട് ഗോവയിലെത്തുന്നത് പതിവാണെന്ന് ഹംസ സാഗർ വ്യക്തമാക്കി.
“ഇന്നലെ രാത്രിയിലാണ് സിഡബ്ല്യുസി അംഗങ്ങൾ എന്നെ ബന്ധപ്പെട്ടത്. ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു.
ഏബ്രഹാം എന്നാണു പേരെന്നും കൊല്ലത്തു നിന്നാണു വരുന്നതെന്നും പറഞ്ഞു. എത്ര ചോദിച്ചിട്ടും പിതാവിന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയില്ലെന്നും അറിയിച്ചു.
കൊല്ലത്തു ബന്ധപ്പെട്ട് മിസ്സിങ് കേസ് ഉണ്ടോ എന്നന്വേഷിച്ചു. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പുറത്തുവന്ന പോസ്റ്റർ കിട്ടിയതോടെ സിഡബ്ല്യുസിക്ക് അയച്ചു.
ആ ചിത്രവും കുട്ടിയുടെ മുഖവും തമ്മിൽ ഒത്തുനോക്കിയപ്പോൾ ഒരാൾ തന്നെയാണെന്നു മനസ്സിലായി. പിന്നാലെ കൊല്ലം പൊലീസിൽ വിവരം അറിയിച്ചു.
തലമുടി പറ്റെ വെട്ടിയ നിലയിലായിരുന്നു കുട്ടി. ഇപ്പോൾ കുട്ടിയെ ഗോവയിലെ സിഡബ്ല്യുസി കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
കൗൺസലിങ് ഏർപ്പെടുത്തുമെന്ന് സിഡബ്ല്യുസി പറഞ്ഞു. കൊല്ലത്തു നിന്നും പൊലീസ് സംഘം എത്തിയ ശേഷം കുട്ടിയെ വിട്ടു നൽകും.
നാടുവിട്ട് നിരവധി കുട്ടികൾ ഗോവയിലെത്താറുണ്ട്. കണ്ണൂരിൽ നിന്നെത്തിയ 3 കുട്ടികളെ ഇന്ന് വിട്ടു നൽകും.
ഇന്നലെ വൈകിട്ടാണ് പത്തും പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള ആൺകുട്ടികളെ ഗോവയിൽ കണ്ടെത്തിയത്. പിന്നാലെ കണ്ണൂരിലേക്കു ബന്ധപ്പെട്ടു.
ഇവരെ കൊണ്ടുപോകാനായി പരിയാരം പൊലീസ് ഗോവയിലെത്തിയിട്ടുണ്ട്”– ഹംസ സാഗർ പറഞ്ഞു. കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകനാണ് ഏബ്രഹാം ഓറോൺ.
കൊല്ലത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥിയായ ഏബ്രഹാം, കഴിഞ്ഞ വ്യാഴം വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തിയതിനു പിന്നാലെ സ്വന്തം സൈക്കിളിൽ പുറത്തേക്കു പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
വ്യാഴം രാത്രിയോടെ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം കണ്ടെത്തി. കുട്ടി ട്രെയിൻ കയറി പോയിരിക്കാമെന്ന അനുമാനത്തിൽ ആർപിഎഫും പൊലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു.
യാത്ര പോവുകയാണെന്നും 30 വർഷത്തിനു ശേഷമേ തിരികെ വരൂ എന്നും അപ്പോൾ കാണാമെന്നും ഏബ്രഹാം സഹപാഠികളോടു പറഞ്ഞിരുന്നതായാണ് വിവരം. മുടി മുറിച്ച് രൂപമാറ്റം വരുത്തിയ നിലയിലാണ് ഏബ്രഹാമിനെ കണ്ടെത്തിയത്.
വീട്ടിൽ നിന്നും പോകുന്നതിനു മുൻപ് കുട്ടി സ്വയം മുടി മുറിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. തന്നെ ആരും കണ്ടുപിടിക്കാതിരിക്കാൻ കരുതിക്കൂട്ടിയായിരിക്കാം ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 3 വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്താണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസം ഏബ്രഹാമിന്റെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു.
ആരോഗ്യപ്രശ്നമുള്ളതിനാൽ ചികിത്സയ്ക്കുവേണ്ടിയാണ് അവർ സ്വദേശത്തേക്കു പോയത്. ചികിത്സ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങാൻ പദ്ധതിയിട്ടാണ് പോയത്.
അമ്മയെ പിരിഞ്ഞു നിൽക്കുന്നതിന്റെ വിഷമം ഏബ്രഹാമിനെ അലട്ടിയിരിക്കാമെന്നും അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയിട്ടുണ്ടാകാമെന്നുമായിരുന്നു അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന്റെ നിഗമനം. അതിനാൽ കൊല്ലം വഴി ബംഗാളിലേക്കു പോകുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
എന്നാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പൊലീസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപവും ഉയർന്നിരുന്നു.
വീട്ടിൽ യാതൊരു പ്രശ്നങ്ങളില്ലെന്നും സന്തോഷത്തിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്നും കുട്ടിയുടെ പിതാവ് ബിരേന്ദർ വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് താനും കുടുംബവും സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ യാത്ര പോയിരുന്നുവെന്നും ഏബ്രഹാമും വലിയ സന്തോഷത്തിലായിരുന്നുവെന്നും മകന് പ്രത്യേകിച്ചു വിഷമങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ബിരേന്ദർ പറഞ്ഞു.
ഏബ്രഹാം എന്തിനു ഗോവയിൽ പോയി? എങ്ങനെ പോയി? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കണമെങ്കിൽ കുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുക്കണം. യാതൊന്നും തുറന്നു സംസാരിക്കാനാകാത്ത മാനസികാവസ്ഥയിലാണ് ഏബ്രഹാം ഇപ്പോൾ.
കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

