കൊച്ചി നഗരത്തിൽ ലഹരിവസ്തുക്കൾക്കെതിരെ ശക്തമായ നടപടികളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പരിശോധനയിൽ വൻതോതിൽ എംഡിഎംഎ പിടിച്ചെടുത്തു. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പുതുക്കലവട്ടം പാറയിൽ റോഡ് പുളിക്കൽ വീട്ടിൽ ആൻസൺ ആന്റണി (39) ആണ് എക്സൈസ്-പൊലീസ് സംഘത്തിന്റെ പിടിയിലായത്.
പ്രതിയുടെ പുളിക്കലവട്ടത്തെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. ഇയാളിൽ നിന്നും 30.430 ഗ്രാം എംഡിഎംഎ, 10.8 ഗ്രാം കഞ്ചാവ്, 1.40 ഗ്രാം ചരസ്സ് എന്നിവയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത ലഹരിമരുന്ന് വാണിജ്യപരമായ അളവിലുള്ളതായതിനാൽ പ്രതിക്കെതിരെ അതീവ ഗൗരവകരമായ നിയമവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലും, ഡിസിപിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് നടപടികൾ പുരോഗമിക്കുന്നത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാൽ നയിച്ച പ്രത്യേക ഡാൻസാഫ് (DANSAF) സംഘമാണ് പ്രതിയെ പിടികൂടാൻ നിർണായക നീക്കം നടത്തിയത്. തുടർനടപടികളുടെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും, കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
കേസിൽ ലഹരിമരുന്ന് എത്തിച്ചു നൽകിയ പ്രധാന ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും ആഴത്തിലുള്ള അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

