സ്വർണവില ഒരുലക്ഷം രൂപയ്ക്കു താഴേക്ക് എത്തിയേക്കുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി വിപണിയിൽ വീണ്ടും മുന്നേറ്റം. രാജ്യാന്തര വിപണിയിലെ ചെറിയ തോതിലുള്ള ഉണർവ് കേരളത്തിൽ കൂടുതൽ വേഗത്തിലാണ് പ്രതിഫലിക്കുന്നത്.
അതേസമയം, ഡോളറിന്റെ ശക്തിയും പശ്ചിമേഷ്യയിലെ നിലനിൽക്കുന്ന സംഘർഷാവസ്ഥയുമാണ് വിലയുടെ അതിവേഗ കുതിപ്പിന് തടസ്സമായി നിൽക്കുന്ന പ്രധാന ഘടകങ്ങൾ. സംസ്ഥാനത്ത് ഇന്നുരാവിലെ സ്വർണവില ഗ്രാമിന് 50 രൂപ വർധിച്ച് 13,135 രൂപയിലെത്തി.
പവന് 400 രൂപ ഉയർന്ന് 1,05,080 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് പ്രവൃത്തിദിനങ്ങളായി സ്വർണവില തുടർച്ചയായി വർധിക്കുന്നത് ആഭരണപ്രേമികളെ നിരാശപ്പെടുത്തുന്നുണ്ട്.
എന്നാൽ, സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവർക്കും അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം വിൽക്കുകയോ പണയം വെയ്ക്കുകയോ ചെയ്യേണ്ടവർക്കും ഈ വിലക്കയറ്റം വലിയ ആശ്വാസമാണ് നൽകുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4024 ഡോളർ വരെ ഉയർന്ന ശേഷം 4004 ഡോളറിലേക്ക് താഴ്ന്നിരുന്നു.
നിലവിൽ വില 4020 ഡോളറിലാണ് വ്യാപാരം തുടരുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനം നാളെ നടക്കാനിരിക്കുകയാണ്.
ഭൂരിഭാഗം സാമ്പത്തിക നിരീക്ഷകരുടെയും വിലയിരുത്തൽ പ്രകാരം ഈ ഘട്ടത്തിൽ പലിശനിരക്ക് ഉയർത്താൻ സാധ്യതയില്ല. എങ്കിലും, ഈമാസം പലിശനിരക്ക് 0.25 ശതമാനവും ഡിസംബറോടെ 0.50 ശതമാനവും വർധിപ്പിച്ചേക്കുമെന്ന് ഒരു വിഭാഗം നിരീക്ഷകർ കരുതുന്നുണ്ട്.
ഇതിന്റെ ഫലമായി യുഎസ് ഡോളർ സൂചിക 0.07% ഉയർന്ന് 102.03ൽ എത്തിയത് രാജ്യാന്തര സ്വർണവിലയുടെ മുന്നേറ്റത്തിന് ഒരു പരിധി വരെ തടസ്സമായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയാണ് വിപനിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം.
സൗദി അറേബ്യയ്ക്കെതിരെ ഹൂതികളുടെ ആക്രമണങ്ങൾ തുടരുകയാണ്. ടെഹ്റാനിൽ വെച്ച് സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും ആക്രമണങ്ങൾക്ക് പൂർണ്ണമായ വിരാമമിടാനുള്ള തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ക്രൂഡോയിൽ വില 117 ഡോളറിൽ നിന്ന് 114 ഡോളറായി കുറഞ്ഞെങ്കിലും ഭീഷണി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്തത് സ്വർണവിപണിയിലെ ആശങ്ക നിലനിർത്തുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.
കഴിഞ്ഞ മൂന്ന് സെഷനുകളിലും ഡോളറിനെതിരെ മൂല്യം നഷ്ടപ്പെട്ട രൂപ ഇപ്പോൾ 95.19 എന്ന നിലയിലാണ് ഉള്ളത്.
രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണ ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുന്നതിനാൽ അത് രാജ്യത്തെ ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നു. കഴിഞ്ഞദിവസം കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണവില 4010 ഡോളർ ആയിരുന്നുവെങ്കിൽ, ഇന്നത് 4020 ഡോളറായി ഉയർന്നിട്ടുണ്ട്.
ഇതാണ് സംസ്ഥാനത്തെയും വിലവർദ്ധനവിന് കാരണമായത്. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ വർധിച്ച് 10,750 രൂപയായി.
അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 220 രൂപ എന്ന നിരക്കിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

