അസമിലെ ഗുവാഹത്തിയിൽ നടന്ന ദാരുണമായ വെടിവയ്പിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ ജീവൻ വെടിഞ്ഞു. ലചിത് നഗറിലെ ജിഎസ് റോഡിലുള്ള ഹോട്ടൽ ബിലാസ് ഇൻ എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച രാത്രി അക്രമം അരങ്ങേറിയത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഈ ഹോട്ടൽ പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്ന ഘനകാന്ത ഗൊഗോയ് ആണ് വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു മണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു.
ഇയാളിൽ നിന്നും തോക്കും കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു വെച്ച് തന്നെ നാല് പേർ മരണപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ രണ്ട് പേരിൽ ഒരാൾ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മറ്റൊരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.
ഹോട്ടലിന്റെ സ്വീകരണ കൗണ്ടറിന് സമീപം ഇരുന്നവരാണ് അക്രമത്തിന് ഇരയായത്. ആക്രമണം നടക്കുമ്പോൾ ജീവനക്കാർ ഉൾപ്പെടെ ഇരുപത്തിയഞ്ചിൽ താഴെ ആളുകൾ മാത്രമാണ് ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നത്.
കൊല്ലപ്പെട്ടവർക്ക് ഹോട്ടൽ ഉടമകളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

