കൊല്ലം-മധുര റൂട്ടിൽ പൂർണ്ണമായും വിസ്റ്റഡോം കോച്ചുകൾ മാത്രമുള്ള പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള ആലോചനകൾ സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട
ആവശ്യത്തിൽ ദക്ഷിണ റെയിൽവേ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ മധുര–ഗുരുവായൂർ എക്സ്പ്രസിൽ പരീക്ഷണ അടിസ്ഥാനത്തിൽ വിസ്റ്റഡോം കോച്ച് ഘടിപ്പിച്ച് സർവീസ് നടത്തിയിരുന്നു. ഈ കോച്ചുകളിൽ യാത്രാവേളയിലുണ്ടായ വലിയ റിസർവേഷൻ തിരക്ക് മുൻനിർത്തിയാണ് ഈ റൂട്ടിൽ മുഴുവൻ വിസ്റ്റഡോം കോച്ചുകളുമുള്ള പുതിയ ട്രെയിൻ സർവീസ് വേണമെന്ന ആവശ്യം ശക്തമായത്.
എട്ട് വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിൻ സർവീസ് ആരംഭിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്. മധുര മുതൽ കൊല്ലം വരെയുള്ള യാത്രാവേളയിലെ പ്രകൃതിരമണീയമായ കാഴ്ചകൾ വിസ്റ്റഡോം കോച്ചുകളുടെ ചില്ലുകൂടുകളിൽ ഇരുന്ന് ആസ്വദിക്കാൻ സാധിക്കുമെന്നതാണ് യാത്രക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം.
വിശേഷിച്ചും ചെങ്കോട്ട–പുനലൂർ പാതയിലെ മലനിരകളും തുരങ്കങ്ങളും താഴ്വാരങ്ങളും കോടമഞ്ഞും നിറഞ്ഞ സൗന്ദര്യം യാതൊരു തടസ്സവുമില്ലാതെ നേരിട്ട് അനുഭവവേദ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള സംവിധാനമനുസരിച്ച് കൊല്ലം–മധുര റൂട്ടിൽ വിസ്റ്റഡോം കോച്ചിലെ ഒരു സീറ്റിന്റെ യാത്രാ നിരക്ക് 1140 രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

