മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടു എന്നതടക്കമുള്ള ആരോപണങ്ങൾ പൂർണ്ണമായി തള്ളിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനുള്ള ‘ഫോം 6’ ഭേദഗതി ചെയ്തിട്ടില്ലെന്ന് കമ്മിഷൻ സത്യവാങ്മൂലത്തിൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ നടപടികളെ ഔദ്യോഗികമായി ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹർജിയുടെ സാധുത ചോദ്യം ചെയ്തുകൊണ്ടും അതു തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുമാണ് കമ്മിഷൻ സത്യവാങ്മൂലം നൽകിയിട്ടുള്ളത്.
രണ്ട് കമ്മിഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും, സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളിലെയും തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നാണ് കമ്മിഷന്റെ വിശദീകരണം.
ആഭ്യന്തര ചർച്ചകളുടെ ഭാഗമായി ചോദ്യങ്ങളും നിർദേശങ്ങളും നിരീക്ഷണങ്ങളും രേഖപ്പെടുത്താറുണ്ടെങ്കിലും, അവയെല്ലാം കമ്മിഷന്റെ ഔദ്യോഗിക തീരുമാനങ്ങളായി കണക്കാക്കാനാവില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, കമ്മിഷണർമാർ കൂട്ടായാണ് തീരുമാനമെടുത്തത് എന്ന് വ്യക്തമാക്കുന്ന മിനിറ്റ്സോ മറ്റ് ഔദ്യോഗിക രേഖകളോ 249 പേജുള്ള ഈ സത്യവാങ്മൂലത്തിന്റെ ഭാഗമാക്കിയിട്ടില്ല.
ഈ രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യം. എസ്ഐആറുമായി ബന്ധപ്പെട്ട
14 തീരുമാനങ്ങളിൽ കമ്മിഷണർമാർ വിയോജിച്ചു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയിട്ടുള്ളതെന്നും, ഹർജിക്കാർ ഇതിനെക്കുറിച്ച് യാതൊരുവിധ വസ്തുതാ പരിശോധനയും നടത്തിയിട്ടില്ലെന്നും മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്വീകരിച്ചിട്ടുള്ള നടപടികളെല്ലാം തന്നെ എസ്ഐആറിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി മാത്രമുള്ളതാണ്.
തിരഞ്ഞെടുപ്പ് കമ്മിഷനും, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ, മറ്റ് കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധു, വിവേക് ജോഷി എന്നിവർക്കും വേണ്ടി ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ ഭാനു പ്രകാശ് യെത്രു ആണ് സംയുക്തമായി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഫോം 6 സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കെ, കഴിഞ്ഞയാഴ്ചയും നടപടികളിൽ ഭേദഗതി വരുത്തിയതായി സത്യവാങ്മൂലം സ്ഥിരീകരിക്കുന്നു.
ഫോം 6 ഭേദഗതി ചെയ്തുവെന്ന വാദം തികച്ചും തെറ്റാണെന്ന് കമ്മിഷൻ ആവർത്തിക്കുന്നു. ഓൺലൈനിൽ ഫോം 6 നൊപ്പം ഡിക്ലറേഷൻ ഫോം ചേർത്തിരുന്ന മുൻപത്തെ രീതി പരിഷ്കരിക്കുകയും, കഴിഞ്ഞ 21-ാം തീയതി മുതൽ ഓൺലൈനിൽ ഫോം 6 എന്നും എസ്ഐആർ ഡിക്ലറേഷൻ എന്നും വേർതിരിച്ചു നൽകുകയും ചെയ്തിട്ടുണ്ടെന്ന് കമ്മിഷൻ അറിയിച്ചു.
പ്രതിപക്ഷ നേതാക്കൾ ഹർജി സമർപ്പിച്ച ശേഷമാണ് ഈ മാറ്റം വരുത്തിയത് എന്നത് ശ്രദ്ധേയമാണ്. ഓൺലൈനിൽ ഡിക്ലറേഷൻ ഫോം നൽകിയ രീതി, ഫോം 6 ഭേദഗതി ചെയ്തെന്ന തെറ്റായ ധാരണ സൃഷ്ടിച്ചിരിക്കാമെന്നും കമ്മിഷൻ അംഗീകരിക്കുന്നുണ്ട്.
ഈ ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ മാറ്റം വരുത്തിയത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കുന്നു.
സുപ്രീം കോടതി ജഡ്ജിമാരുടേതിന് സമാനമായി, പാർലമെന്റിലെ കുറ്റവിചാരണ നടപടികളിലൂടെ മാത്രമേ സിഇസിയെ നീക്കം ചെയ്യാൻ സാധിക്കൂ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട
ആരോപണങ്ങളും ഹർജികളും സുപ്രീം കോടതി മുൻപ് തന്നെ അന്തിമമായി തീർപ്പാക്കിയതാണെന്നും സത്യവാങ്മൂലത്തിൽ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

