കൊച്ചി: ചേരാനെല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയപാലകൃഷ്ണൻ മരണപ്പെട്ട സംഭവത്തിൽ കുടുംബത്തിന് സർക്കാരിന്റെയും അധികാരികളുടെയും ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടു.
കുടുംബത്തിന് ആവശ്യമായ മുഴുവൻ നിയമസഹായങ്ങളും ലഭ്യമാക്കുമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കുറ്റക്കാരായവർക്കെതിരെ യാതൊരു വിട്ടവീഴ്ചയുമില്ലാതെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമേ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജയപാലകൃഷ്ണന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രതികളെ രക്ഷിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബാംഗങ്ങൾ നടത്തിവന്ന സമരം നിലവിൽ താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
എങ്കിലും, പ്രതികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം വീണ്ടും ശക്തമാക്കുമെന്ന് കുടുംബം മുന്നറിയിപ്പ് നൽകി. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നടപടികൾ വിലയിരുത്താൻ നാളെ വൈകുന്നേരം 4 മണി വരെ സമയം നൽകുമെന്ന് കുടുംബം വ്യക്തമാക്കി.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരു നിലയ്ക്കും പിന്നോട്ടില്ലെന്നും അവർ ആവർത്തിച്ചു. 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നും അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമയായ ജഡ്ജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങൾ.
തുടർച്ചയായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതിനെ തുടർന്ന്, കാറോടിച്ച കുട്ടിയുടെ പിതാവായ ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

