പാലക്കാട് ജില്ലയിലെ ജനകീയ ഹോട്ടലുകൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സിവിൽ സപ്ലൈസ് വകുപ്പ് അരി എടുക്കുന്നതിനുള്ള പെർമിറ്റ് നൽകാതായതാണ് പ്രധാന തിരിച്ചടിയായത്.
പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിനാൽ പലയിടത്തും ഊണിന്റെ വില വർധിപ്പിക്കേണ്ടി വന്നു. ചില ഹോട്ടലുകൾ ഇതിനോടകം പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.
തുടക്കത്തിൽ 20 രൂപയ്ക്കും പിന്നീട് 30 രൂപയ്ക്കുമാണ് ഇവിടങ്ങളിൽ ഉച്ചഭക്ഷണം നൽകിയിരുന്നത്. ഇത് സാധാരണക്കാർക്കും തൊഴിലാളികൾക്കും വലിയ ആശ്വാസമായിരുന്നു.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റ് ഹോട്ടലുകളിലെ അതേ നിരക്ക് നൽകേണ്ട അവസ്ഥയാണെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു.
ജില്ലയിൽ കുറഞ്ഞ നിരപ്പിൽ ഭക്ഷണം നൽകുന്ന 35 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇവയ്ക്ക് പ്രതിമാസം 600 കിലോഗ്രാം അരിക്കുള്ള പെർമിറ്റാണ് സിവിൽ സപ്ലൈസ് വകുപ്പ് അനുവദിച്ചിരുന്നത്.
എന്നാൽ ആവശ്യാനുസരണം ഗോഡൗണിൽ നിന്ന് അരി എടുക്കുന്നത് കഴിഞ്ഞ മാർച്ച് മാസത്തോടെ നിലച്ചു. പിന്നീട് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവൊന്നും വന്നിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഹോട്ടലുകളുടെ വാടക, വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ നൽകേണ്ടത് അതത് പഞ്ചായത്തുകളുടെ ചുമതലയാണ്. എന്നാൽ പലയിടത്തും ഈ സഹായങ്ങളും മുടങ്ങിയിട്ടുണ്ട്.
ഈ പ്രതിസന്ധികൾ ഇരട്ടിയായതോടെയാണ് പലയിടത്തും ഊണിന്റെ വില കൂട്ടാൻ നടത്തിപ്പുകാർ നിർബന്ധിതരായത്. മങ്കര, വല്ലപ്പുഴ, കൊപ്പം, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ ഹോട്ടലുകൾ ഇതിനോടകം പൂട്ടി.
പ്രവർത്തിക്കുന്ന മറ്റ് ചില സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. മലമ്പുഴ പഞ്ചായത്തിലെ മന്തക്കാട്, കടുക്കാംകുന്നം എന്നിവിടങ്ങളിലെ രണ്ട് ജനകീയ ഹോട്ടലുകൾക്കും വാടകയും വൈദ്യുതി, ജല ബില്ലുകളും പഞ്ചായത്ത് നൽകാനുണ്ട്.
ഇവിടെ നേരത്തെ 20 രൂപയായിരുന്ന ഊണിന് ഇപ്പോൾ 40 രൂപയാണ് ഈടാക്കുന്നത്. മരുതറോഡ്, കൊടുമ്പ്, എലപ്പുള്ളി, പുതുശേരി, മേലാർകോട്, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ, മണ്ണൂർ, ലക്കിടിപേരൂർ, ആലത്തൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളും കടുത്ത നഷ്ടത്തിലാണ്.
അലനല്ലൂർ പഞ്ചായത്തിലെ ജനകീയ ഹോട്ടലിലും ഇപ്പോൾ 40 രൂപയ്ക്കാണ് ഊണ് നൽകുന്നത്. അതേസമയം, പട്ടാമ്പി നഗരസഭയിൽ വാടകയില്ലാതെ കെട്ടിടം അനുവദിച്ചിട്ടുള്ളതിനാൽ ഹോട്ടൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
വടക്കഞ്ചേരിയിൽ കെട്ടിട വാടകയും വൈദ്യുതി ബില്ലും പഞ്ചായത്ത് അടയ്ക്കുന്നതിനാൽ പ്രതിസന്ധികൾക്കിടയിലും പ്രവർത്തനം തുടരുന്നു.
മുതുതല, ഓങ്ങല്ലൂർ പഞ്ചായത്തുകളിൽ നഷ്ടത്തിലാണെങ്കിലും ഹോട്ടലുകൾ ഇതുവരെ പൂട്ടിയിട്ടില്ല. മുതുതലയിൽ ഉപഭോക്താക്കൾ തന്നെ സുമനസ്സോടെ അധിക തുക നൽകി സഹായിക്കുന്നതാണ് നടത്തിപ്പുകാർക്ക് ആശ്വാസമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

