പാഴുത്തുരുത്ത് ∙ ശക്തമായ മഴയെ തുടർന്ന് റോഡരികിൽ നിന്നിരുന്ന റബർമരം വൈദ്യുതലൈനിലേക്കു കടപുഴകി വീണ് അപകടം. സംഭവസമയത്ത് ഈ പാതയിലൂടെ യാത്ര ചെയ്യുകയായിരുന്ന മന്ത്രി മോൻസ് ജോസഫും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരും വലിയൊരു ദുരന്തത്തിൽ നിന്നാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.45-നാണ് ഞീഴൂർ പാഴുത്തുരുത്തിൽ ഈ സംഭവം ഉണ്ടായത്. പ്രദേശത്തുണ്ടായ കനത്ത മഴയിൽ പാടത്തു നിന്നിരുന്ന റബർമരം സമീപത്തെ 11 കെവി ലൈനിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.
ഇതിന്റെ ആഘാതത്തിൽ രണ്ട് വൈദ്യുതത്തൂണുകളും മരവും റോഡിന് കുറുകെ പതിച്ചു. അപകടത്തെ തുടർന്ന് കടുത്തുരുത്തി – ഞീഴൂർ റോഡിൽ ഏകദേശം രണ്ട് മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
തുടർന്ന് വാഹനങ്ങൾ എസ്കെപിഎസ്– പുളിക്കിയിൽ– കുടിലിപ്പറമ്പ് റോഡിലൂടെയാണ് തിരിച്ചുവിട്ടത്. സംഭവം മന്ത്രി ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും, പിന്നാലെയെത്തിയ കെഎസ്ഇബി സംഘം റോഡിൽ വീണ വൈദ്യുതപോസ്റ്റുകളും മരവും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് മന്ത്രി മോൻസ് ജോസഫ് പ്രതികരിച്ചത് ഇങ്ങനെ:
“ഒരു സെക്കൻഡു കൂടി താമസിച്ചിരുന്നെങ്കിൽ വൈദ്യുതത്തൂണുകള്‍ കാറിനു മുകളിലേക്കു വീഴുമായിരുന്നു. ഞീഴൂരിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു.
ആദ്യം എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി മനസ്സിലായത്.
ദൈവാനുഗ്രഹത്താൽ ദുരന്തം ഒഴിവായി.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

