കൊച്ചി: ചേരാനെല്ലൂരിൽ ഒരാളുടെ ജീവനെടുത്ത വാഹനാപകടത്തിൽ പ്രതിയായ 17 വയസുകാരൻ സഞ്ചരിച്ചിരുന്നത് അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം 104 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയ പൊലീസ്, ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും അറിയിച്ചു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടിയെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. മോട്ടോർ വെഹിക്കിൾ ആക്ടിലെ 181, 183 വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാൽ പൊലീസ് പ്രതിയെയും കുടുംബത്തെയും സംരക്ഷിക്കാൻ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കൾ രാത്രി വൈകിയും ചേരാനെല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രതി പ്രായപൂർത്തിയാകാത്ത ആളായതുകൊണ്ട് എന്തുമാവാം എന്നാണോയെന്നും സാധാരണക്കാർക്ക് നീതി ലഭ്യമാകില്ലേ എന്നും കുടുംബാംഗങ്ങൾ ശക്തമായി ചോദിക്കുന്നു.
ചേരാനെല്ലൂർ കണ്ടെയ്നർ റോഡിന് സമീപമുണ്ടായ അപകടത്തിൽ മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഇടിച്ച് വീഴ്ത്തിയത് മൈനർ ഓടിച്ച കാറാണ്.
അപകടത്തിന് പിന്നാലെ പ്രതിക്കെതിരെ ആദ്യഘട്ടത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യക്ക് മാത്രം കേസെടുക്കുകയും ഉടൻ വിട്ടയക്കുകയും ചെയ്തത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ജയബാലകൃഷ്ണനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപകടസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിന് കാരണക്കാരനായ കുട്ടിയുടെ മദ്യപാന പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട
വാഹനം ഒരു ജഡ്ജിയുടെ പേരിലുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പും (എംവിഡി), പൊലീസും, ഫോറൻസിക് വിഭാഗവും അപകടസ്ഥലത്ത് എത്തി വിശദമായ പരിശോധനകൾ നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

