കൊച്ചിയിൽ വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ ധനേഷ് എസ്. നായർ (31) എന്ന ‘ഡാനി’യെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ താമസിക്കുന്ന ഇയാളിൽനിന്ന് 803 ഗ്രാം ഹഷീഷ് ഓയിലും 8 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. മൈസുരുവിനടുത്ത് നഞ്ചൻഗുഡുവിൽ വാഴത്തോട്ടങ്ങളും കൃഷിയിടങ്ങളും നടത്തിവരികയായിരുന്ന ഇയാൾ, ഇവയുടെ മറവിലാണ് ലഹരിവസ്തുക്കൾ കടത്തിയിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരി എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാനിയാണ് പിടിയിലായ ഇയാൾ. ഇന്നലെ ആലുവയിലെ പ്രമുഖ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ കെ.എസ്.
(32), തോപ്പുംപടി പ്രതീക്ഷ നഗർ കെ.വി.തോമസ് റോഡിൽ കുരിശിങ്കൽ വീട്ടിൽ ഷിനു സെബാസ്റ്റ്യൻ (34) എന്നിവർ അറസ്റ്റിലായിരുന്നു. ഇവർ രണ്ടുപേരിൽ നിന്നുമായി 192 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
ഷിനുവിന്റെ വീട്ടിൽ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഹരികൃഷ്ണന്റെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ലഹരിവിതരണ ശൃംഖലയിലെ പ്രധാനിയായ ധനേഷിലേക്ക് പൊലീസിനെ എത്തിച്ചത്.
തുടർന്ന് പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും അങ്കമാലിയിൽവച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. യുവജനങ്ങളെ ലഹരിമരുന്ന് കടത്താനും വിതരണം ചെയ്യാനുമായി റിക്രൂട്ട് ചെയ്ത് ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും എത്തിക്കുകയാണ് ധനേഷ് ചെയ്തിരുന്നത്.
അവിടെനിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലെത്തിച്ച് വിവിധ മേഖലകളിലെ ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തുരീതികൾ വ്യക്തമാക്കുന്ന വിഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
‘ഡാനി ഭായ്’ എന്ന പേരിൽ അറിയപ്പെടുന്ന ധനേഷ് ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ആവശ്യക്കാർക്ക് ലഹരിമരുന്ന് കൈമാറുകയും അതിന്റെ പണം ധനേഷിന് എത്തിച്ചുനൽകുകയും ചെയ്തിരുന്നത് ഇവരായിരുന്നു.
ഇതിലൂടെ സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് വിതരണശൃംഖലയുടെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

