കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ച സംഭവത്തിൽ നിയമനടപടികൾ കനക്കുന്നു. വാഹനത്തിന്റെ ഉടമയും ജുവനൈലിന്റെ പിതാവുമായ ഇരിഞ്ഞാലക്കുട
അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.
കഴിഞ്ഞ ഒക്ടോബർ 25ന് പുലർച്ചെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകടത്തിൽ 55 വയസുകാരനായ ജയബാലകൃഷ്ണൻ ആണ് ജീവൻ വെടിഞ്ഞത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 499/2026-ൽ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ മുഖ്യ ആവശ്യം.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ നടത്തുന്ന ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് രക്ഷിതാവിനോ വാഹന ഉടമയ്ക്കോ നേരിട്ട് ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കുറ്റക്കാരായ രക്ഷിതാക്കൾക്ക് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടാതെ, അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപ്രകാരം ഒരു വർഷത്തേക്ക് റദ്ദാക്കണമെന്നും, കുട്ടിക്ക് 25 വയസ് പൂർത്തിയാകുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
വാഹനം പ്രായപൂർത്തിയാകാത്ത ആളുടെ കൈവശം എത്തിയ സാഹചര്യം, വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്തയാൾക്കെതിരെയുള്ള നടപടികൾക്ക് പുറമേ രക്ഷിതാവിന്റെ നിയമപരമായ ഉത്തരവാദിത്തം സ്വതന്ത്രമായി അന്വേഷിക്കണമെന്ന കേരള ഹൈക്കോടതിയുടെ മുൻവിധിയും പരാതിയിൽ എടുത്തുപറയുന്നുണ്ട്.
വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തി ഉന്നത ജുഡീഷ്യൽ ഓഫീസറായതിനാൽ, നിയമപ്രകാരമുള്ള നടപടികൾ പൂർണ്ണമായും ഉറപ്പാക്കുന്നതിനും വിഷയത്തിൽ ആവശ്യമായ ഭരണപരമായ പരിശോധനകൾ നടത്തുന്നതിനുമായി കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിനെയും സമീപിക്കുമെന്ന് അഡ്വ. സുഭാഷ് തീക്കാടൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

