പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിൽ നിയമനടപടിയുമായി ബിജെപി രംഗത്ത്. സംഭവത്തിൽ ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലു പാറ്റ്നയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് പരാതി സമർപ്പിച്ചത്.
ബിഹാറിലെ പാറ്റ്നയിൽ നടന്ന ചടങ്ങിനിടെയുണ്ടായ പരാമർശത്തിനെതിരെ പാർട്ടി നേതാക്കൾ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, പരാതിയിൽ പൊലീസ് സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ബിഹാറിലെ പാറ്റ്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കവെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
പ്രധാനമന്ത്രിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്നും, അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ വിദേശത്തുള്ള മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ ആ പണം എവിടെയെന്നും ഖാർഗെ ചടങ്ങിൽ ചോദിച്ചു. കേന്ദ്ര സർക്കാരിനെതിരെ ഖാർഗെ സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി മോദി എവിടെയും പോകില്ലെന്ന് സദസ്സിൽ നിന്നൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ഇതിന് മറുപടിയായി ‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും’ എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. ഇതിന് പിന്നാലെ മോദി അനുകൂല നിലപാട് സദസ്സിൽ വിളിച്ചുപറഞ്ഞയാളെ പിന്നീട് സംഘാടകർ ഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

