കൊച്ചിയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ വാഹനം ഓടിക്കാൻ തോന്നിയ ആവേശം കാരണമാണ് അച്ഛന്റെ ആഡംബര കാർ എടുത്തതെന്ന് കസ്റ്റഡിയിലുള്ള പതിനേഴുകാരന്റെ മൊഴി. മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.
തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുന്ന വേളയിലായിരുന്നു ഈ ദുരന്തം.
ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് വാഹനം എടുത്തതെന്നാണ് പതിനേഴുകാരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ചേരാനല്ലൂരിൽ എത്തി വാഹനം തിരിച്ച് ആലുവയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്.
ശക്തമായ മഴയായതുകാരണം റോഡിൽ ജയബാലകൃഷ്ണന്റെ സ്കൂട്ടർ കണ്ടില്ലെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. കാറുമായി പുറത്തേക്ക് പോകുമ്പോൾ മാതാപിതാക്കൾ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു.
താഴെ പാർക്ക് ചെയ്തിരുന്ന വാഹനം എടുത്തത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. വെറുതെ ഒന്ന് കറങ്ങി വരാൻ വേണ്ടിമാത്രമാണ് ഇറങ്ങിയതെന്നും പതിനേഴുകാരൻ പൊലീസിനോട് വ്യക്തമാക്കി.
നിലവിൽ വാഹനാപകട കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ലഹരി വസ്തുക്കൾ വല്ലതും ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി രക്തത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തുടർ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇരിങ്ങാലക്കുട അഡീഷനൽ ജഡ്ജിയുടെ മകനാണ് ഈ സംഭവത്തിൽ പിടിയിലായത്.
വാഹനം നൽകിയതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ കേസെടുക്കുന്ന കാര്യം പൊലീസിന്റെ സജീവ പരിഗണനയിലാണ്.

