ഗൾഫിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പ്രവാസി മലയാളികൾ മരണപ്പെട്ടു. ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റും സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലവുമാണ് പ്രവാസികളുടെ മരണം സംഭവിച്ചത്.
തൃശൂർ ചെമ്പൂത്ര സ്വദേശി എൽദോ മത്തായി (37) ആണ് ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞത്. ലിസിയാണ് മാതാവ്.
അനു ഭാര്യയും ഇവാനിയ, ബസേലിയോ എന്നിവർ മക്കളുമാണ്. മറ്റൊരു സംഭവത്തിൽ, സൗദി അറേബ്യയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് മണ്ണാർക്കാട് തെങ്കര പറശ്ശേരി കാപ്പിൽ ഉമർ (41) ആണ് അന്തരിച്ചത്.
റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ ലൈല അഫ്ലാജിലാണ് സംഭവം. രണ്ട് പതിറ്റാണ്ടോളമായി പ്രവാസിയായ അദ്ദേഹം അവിടെ ഒരു പലചരക്ക് കടയിൽ (ബക്കാല) ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ കാപ്പിൽ അബുവിന്റെയും ഫാത്തിമയുടെയും മകനാണ്. ജസീലയാണ് ഭാര്യ.
നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസൽ എന്നിവരാണ് മക്കൾ. ഉമറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മുസ്തഫ വേളൂരാൻ, ലൈലാ അഫ്ലാജ് കെ.എം.സി.സി നേതാക്കളായ നാസർ കൊടുവള്ളി, മുസ്തഫ, അറ്റോർണി ഹംസ എന്നിവർ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

