ഉചിതമായ അനുമതികളില്ലാതെ ആയിരക്കണക്കിന് വ്യക്തികൾക്ക് ഓഹരി നിക്ഷേപ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ച സംഭവത്തിൽ പ്രമുഖ പരിശീലന സ്ഥാപനത്തിനും ഉടമയ്ക്കും എതിരെ സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കനത്ത നടപടി. അവധൂത് സാത്തെ ട്രേഡിങ് അക്കാദമിക്കും സ്ഥാപന ഉടമ അവധൂത് സാത്തെയ്ക്കും എതിരെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഔദ്യോഗിക രജിസ്ട്രേഷൻ ഇല്ലാതെ ഓഹരി പഠന ക്ലാസുകൾ നടത്തി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത 546.17 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകാനാണ് സെബിയുടെ കർശന നിർദ്ദേശം. ഇതിനുപുറമേ പലിശ ഇനത്തിൽ 67.87 കോടി രൂപ കൂടി അടയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
1991 മുതൽ ഓഹരി വിപണിയിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ് അവധൂത് സാത്തെ. തുടർന്ന് 2008 ഫെബ്രുവരി മാസം മുതലാണ് അദ്ദേഹം സ്വന്തം നിലയിൽ ട്രേഡിങ് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നത്.
ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപനത്തിന് സ്വന്തമായി ശാഖകളും സാന്നിധ്യവുമുണ്ടായിരുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾക്കെല്ലാം ആവശ്യമായ നിയമപരമായ രജിസ്ട്രേഷൻ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെബി നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി അക്കാദമിക്ക് 11.5 കോടി രൂപയും ഉടമ അവധൂതിന് 4 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, സ്ഥാപനത്തിനും അവധൂത് സാത്തെക്കും അടുത്ത രണ്ടു വർഷത്തേക്കോ അല്ലെങ്കിൽ റീഫണ്ട് നടപടികൾ പൂർത്തിയാകുന്നതു വരെയോ ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
വ്യാജ പരസ്യങ്ങൾ നൽകിയും ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് പരിശീലന ക്ലാസുകളിലേക്ക് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. വാട്സാപ്പ് പോലുള്ള നവമാധ്യമങ്ങൾ വഴി തെറ്റായ നിക്ഷേപ ഉപദേശങ്ങൾ നൽകിയതായും സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ വിവിധ വ്യക്തികളിൽ നിന്നായി ആകെ 601.38 കോടി രൂപയാണ് ഇവർ സമാഹരിച്ചത്. ഇതിൽ നിന്നും നിക്ഷേപകരിലേക്ക് തിരികെ നൽകേണ്ട
546.17 കോടി രൂപ അടുത്ത 5 മാസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് മുഖ്യ ഉത്തരവ്. പണം തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകണമെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

