കേരളത്തിൽ ഇന്ന് വിവിധയിടങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒക്ടോബർ 25 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തിനും മുകളിലായി നിലവിൽ ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഈ ന്യൂനമർദത്തോടനുബന്ധിച്ചുള്ള ചക്രവാതച്ചുഴിയിൽ നിന്നും കേരളം വഴി വടക്കൻ തമിഴ്നാട് തീരം വരെ ഒരു ന്യൂനമർദ പാത്തിയും (ട്രഫ്) രൂപപ്പെട്ടിട്ടുണ്ട്.
ഇതിനുപുറമേ, മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി മറ്റൊരു തീവ്രന്യൂനമർദവും നിലവിലുണ്ട്. ഇത് ഇന്ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ 26 രാവിലെയാകുമ്പോഴേക്കും മധ്യബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ഇത് ചുഴലിക്കാറ്റായി മാറിയേക്കാം. തുടർന്ന് ഒക്ടോബർ 27-ഓടെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാട്ടായി രൂപംപ്രാപിക്കാൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ഈ ചുഴലിക്കാറ്റ് കൂടുതൽ കരുത്താർജിച്ച് അതിശക്തമായ രൂപം പ്രാപിച്ച് ഒക്ടോബർ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് എത്തും. തുടർന്ന് അന്ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ഭാഗത്തുകൂടി മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

