ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പഴയ പാലവും ദേശം പാലവും അറ്റകുറ്റപ്പണികൾക്കായി ഈ മാസം 28 മുതൽ 10 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനം. അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
പണി നടക്കുന്ന ദിവസങ്ങളിൽ മാർത്താണ്ഡവർമ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. അതേസമയം, ദേശം പാലത്തിൽ ഒറ്റവരി ഗതാഗതം അനുവദിക്കുന്നതായിരിക്കും.
ഗതാഗത ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ പൊലീസിന് രണ്ടു ദിവസത്തെ സമയം ആവശ്യമായതിനാലാണ് അടച്ചിടൽ തീയതി 28ലേക്ക് മാറ്റിയത്. യഥാർത്ഥത്തിൽ 26 മുതൽ പാലം അടയ്ക്കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം.
പാലത്തിലെ സ്പാനുകൾക്കിടയിലുള്ള എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികളാണ് പ്രധാനമായും ഈ ദിവസങ്ങളിൽ നടക്കുക. പണി നടക്കുന്ന സമയത്ത് റോഡിൽ കുരുക്കോ അപകടങ്ങളോ ഉണ്ടായാൽ വാഹനങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനായി പ്രത്യേക ക്രെയിൻ സൗകര്യം ഏർപ്പെടുത്തും.
കൂടാതെ ഗതാഗത നിയന്ത്രണങ്ങളിൽ പൊലീസിനെ സഹായിക്കാനായി ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ ജീവനക്കാരെയും വിന്യസിക്കും. സ്കൂൾ അവധിക്കാലമായ ഏപ്രിലിലേക്ക് അറ്റകുറ്റപ്പണികൾ മാറ്റിവെക്കണമെന്ന് യോഗത്തിൽ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും, മദ്രാസ് ഐഐടി വിദഗ്ധരുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി എൻഎച്ച്എഐ പ്രതിനിധികൾ ഇത് എതിർത്തു.
ഒട്ടും വൈകിപ്പിക്കാൻ കഴിയാത്തത്രയും അപകടാവസ്ഥയിലാണ് പാലമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. യോഗത്തിൽ റൂറൽ എസ്പി കെ.എസ്.
സുദർശൻ, നഗരസഭാധ്യക്ഷ സൈജി ജോളി, ഉപാധ്യക്ഷൻ ഫാസിൽ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

