കൽപ്പറ്റ: കാപ്പിസെറ്റ്-കന്നാരംപുഴ-അമരക്കുനി റോഡ് അളക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാക്കി താലൂക്ക് സർവേയർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് ആവശ്യപ്പെട്ടു. സർവേ റിപ്പോർട്ട് ലഭിച്ചാലുടൻ റോഡിന്റെ പുറമ്പോക്ക് ഭൂമിയിൽ അനധികൃത കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ നിയമാനുസൃതം ഒഴിപ്പിച്ച് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള റോഡിന്റെ വീതി പുന:സ്ഥാപിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കാപ്പിസെറ്റ്-കന്നാരംപുഴ-അമരക്കുനി റോഡിന് 7 മീറ്റർ വീതിയുണ്ടെന്നും എന്നാൽ അതിൽ 3 മീറ്റർ മാത്രമാണ് ടാർ ചെയ്തിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി പി.എസ്.
സുദർശനൻ സമർപ്പിച്ച പരാതിയിലാണ് ഈ നിർണായക നടപടി. റോഡിന്റെ ബാക്കി ഭാഗം അനധികൃതമായി കൈയേറിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്ഥലപരിശോധനയിൽ റോഡിന്റെ 7 മീറ്റർ വീതി കണ്ടെത്താൻ സാധിച്ചില്ലെന്ന് പുൽപ്പള്ളി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. അനധികൃത കൈയേറ്റങ്ങൾ കൃത്യമായി കണ്ടെത്തുന്നതിന് സർവേ നടപടികൾ അനിവാര്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
2024-ൽ താലൂക്ക് സർവേയർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. റോഡിന്റെ യഥാർത്ഥ വീതി സംരക്ഷിച്ച് ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട
അധികാരികളുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

