അതിർത്തി പ്രദേശങ്ങളിലെ സംഘർഷങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം പൂർണ്ണമായി നിലച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഔഷധ ഇറക്കുമതി അഫ്ഗാനിസ്ഥാൻ പൂർണ്ണമായും തടഞ്ഞു.
ഈ നടപടി പാക്കിസ്ഥാനിലെ മരുന്നു നിർമ്മാണ കമ്പനികൾക്ക് കനത്ത സാമ്പത്തിക തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മതിയായ ഔഷധങ്ങൾ ലഭ്യമാകാതെ രോഗികൾ വലയുന്നുണ്ടെങ്കിലും അതിർത്തികൾ തുറക്കുന്ന കാര്യത്തിൽ കടുത്ത നിലപാടിലാണ് അഫ്ഗാൻ ഭരണകൂടമായ താലിബാൻ.
മാസങ്ങളായി അതിർത്തി അടച്ചിട്ടിരിക്കുന്ന പാക്ക് സർക്കാരും സമാനമായ നിലപാടിലാണ് തുടരുന്നത്. പാക്കിസ്ഥാനുമായി ഇനി യാതൊരുവിധ വ്യാപാരബന്ധത്തിനുമില്ലെന്ന് താലിബാൻ അധികൃതർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങളുടെ ഈ കടുംപിടിത്തം അവിടത്തെ വ്യാപാരി സമൂഹത്തെയാണ് കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായിരുന്നു പാക്കിസ്ഥാൻ.
കറാച്ചി, ഗ്വാദർ തുടങ്ങിയ പാക്ക് തുറമുഖങ്ങൾ വഴിയായിരുന്നു അഫ്ഗാൻ വ്യാപാരികൾ പ്രധാനമായും കയറ്റുമതിയും ഇറക്കുമതിയും നടത്തിയിരുന്നത്. അതിർത്തികൾ പൂർണ്ണമായി അടഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പൂർണ്ണമായും സ്തംഭിച്ചു.
കറാച്ചി തുറമുഖത്ത് മാസങ്ങളായി കെട്ടിക്കിടക്കുന്ന ചരക്കു കണ്ടെയ്നറുകളുടെ വാടക ദിവസേന വർദ്ധിക്കുന്നത് വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനുപുറമെ, അതിർത്തി പ്രദേശങ്ങളിൽ ചരക്കു ലോറികളും മാസങ്ങളായി കുടുങ്ങിക്കിടക്കുകയാണ്.
പാക്കിസ്ഥാന്റെ മൊത്തത്തിലുള്ള മരുന്നു കയറ്റുമതിയുടെ 35 ശതമാനത്തോളം എത്തിച്ചേർന്നിരുന്നത് അഫ്ഗാനിസ്ഥാനിലേക്കായിരുന്നു. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട
ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ മരുന്നു കയറ്റുമതി വരുമാനം 457.45 മില്യൻ ഡോളറിൽ നിന്ന് 319 മില്യൻ ഡോളറായി ഇടിഞ്ഞു. കയറ്റുമതിയുടെ അളവ് 1.12 ലക്ഷം ടണ്ണിൽ നിന്ന് 83,104 ടണ്ണായും കൂപ്പുകുത്തി.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ കയറ്റുമതി വരുമാനത്തിൽ 25.53 ശതമാനത്തിന്റെയും കയറ്റുമതി അളവിൽ 31.40 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം നേടിയ 457 മില്യൻ ഡോളർ വരുമാനത്തിൽ 156 മില്യൻ ഡോളറും അഫ്ഗാനിസ്ഥാനിൽ നിന്നു മാത്രമുള്ളതായിരുന്നു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം തടസ്സപ്പെട്ടത് ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പാക്കിസ്ഥാൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (പിപിഎംഎ) മുൻ ചെയർമാൻ തൗഖീർ ഉൽ ഹഖ് വ്യക്തമാക്കി. വ്യാപാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു.
ഇക്കാര്യത്തിൽ അനുകൂലമായ ചർച്ചകൾ നടത്താമെന്ന് പ്ലാനിങ് മന്ത്രി അഹ്സൻ ഇഖ്ബാൽ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇതുവരെയും യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

