നീലഗിരി ജില്ലയിലും താഴ്വാര പ്രദേശമായ മേട്ടുപ്പാളയത്തും രാത്രി മുതൽ അതിശക്തമായ മഴ തുടരുന്നതിനിടയിൽ വ്യാപകമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. മേട്ടുപ്പാളയം– ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
ബർലിയാർ മേഖലയിൽ അർധരാത്രിയോടെ സർക്കാർ ബസിന് മുകളിലേക്ക് മണ്ണും പാറയും പതിക്കുകയുണ്ടായി. നിലവിൽ ഈ ബസ് മാത്രമാണ് അപകടാവസ്ഥയിൽ മണ്ണിൽ കുടുങ്ങിക്കിടക്കുന്നത്.
ഇവ നീക്കം ചെയ്യുന്നതിനുള്ള തീവ്രശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂനൂർ റോഡിൽ 14 ഇടങ്ങളിലും കോത്തഗിരി റോഡിൽ 3 സ്ഥലങ്ങളിലുമാണ് മണ്ണിടിച്ചിൽ രേഖപ്പെടുത്തിയത്.
കേരളത്തിലെ പാലാ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തിയ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ രാത്രിയോടെ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിപ്പോയിരുന്നു. എങ്കിലും പുലർച്ചെയോടെ ഈ വാഹനങ്ങൾ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽ നിന്നും തിരിച്ചിട്ടുണ്ട്.
കൂനൂർ – മേട്ടുപ്പാളയം കാനന പാതയിൽ ബർളിയാറിനും കൂനൂരിനും ഇടയിലുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ മുന്നോട്ടോ പിന്നോട്ടോ സഞ്ചരിക്കാനാവാത്ത രീതിയിൽ സ്തംഭനാവസ്ഥയിലാണ്. സ്ഥലത്ത് കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി മേട്ടുപ്പാളയത്തുവച്ച് തന്നെ ഊട്ടിയിലേക്കുള്ള എല്ലാവിധ വാഹനങ്ങളും പൊലീസ് പൂർണ്ണമായി തടഞ്ഞിരിക്കുകയാണ്. നീലഗിരി ജില്ലയിലേക്കുള്ള രണ്ട് പ്രധാന പ്രവേശന കവാടങ്ങളും വഴികളും അധികൃതർ അടച്ചുപൂട്ടി.
ഊട്ടി സർവീസുകൾ നടത്തുന്ന സർക്കാർ ബസുകൾ ഉൾപ്പെടെയുള്ളവ മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ താൽക്കാലികമായി സർവീസുകൾ നിർത്തിവെച്ചു. നിലവിൽ നീലഗിരി മേഖലയിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച പെയ്ത മഴയെത്തുടർന്ന് ബർലിയാറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാറിൽ സഞ്ചരിച്ചിരുന്ന ഒരു വിമുക്തഭടൻ പാറ വീണ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. നിലവിലും പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി തുടരുകയാണ്.
ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മണ്ണും പാറയും നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതിനിടയിൽ കൊടൈക്കനാൽ സെമ്പകനൂർ മേഖലയിലും ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
ഇതിനെത്തുടർന്ന് രണ്ട് വൈദ്യുതി തൂണുകൾ പൂർണ്ണമായി തകർന്നുവീണു. റോഡുകളിൽ വലിയ രീതിയിലുള്ള വിള്ളലുകൾ രൂപപ്പെട്ടത് പ്രദേശത്തെ ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിച്ചു.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും സർക്കാർ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

