കൊല്ലം നഗരത്തിൽ സ്കൂൾ വിദ്യാർത്ഥിയായ പന്ത്രണ്ടുകാരനെ കാണാതായതായി പരാതി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശി ബിരേന്ദറിന്റെ മകനും, നഗരത്തിലെ സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ ഏബ്രഹാം ഒറയോണിനെയാണ് (12) വ്യാഴാഴ്ച വൈകിട്ട് മുതൽ കാണാതായത്.
ബംഗാളിലെ ജയ്പാൽഗുരി കാൽചിനി ജില്ലക്കാരാണ് ഈ കുടുംബം. ബിരേന്ദറിനൊപ്പം ഇവിടെയുണ്ടായിരുന്ന ഭാര്യയും നാല് വയസ്സുള്ള മകളും ഈയിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇവരെ കാണാൻ കുട്ടി നാട്ടിലേക്ക് പോയതാകാമെന്നാണ് പ്രാഥമിക സംശയം. കൊല്ലത്ത് കൂലിപ്പണി ചെയ്താണ് ബിരേന്ദർ കുടുംബം പുലർത്തുന്നത്.
വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. സ്കൂൾ വിട്ടു വന്നതിനു ശേഷം കുട്ടി സൈക്കിളിൽ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ വീടിനു സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
തുടർന്ന് രാത്രി പത്തുമണിയോടെ കുട്ടിയുടെ സൈക്കിൾ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തി. രാത്രി ഏഴുമണിക്ക് തന്നെ ബിരേന്ദർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും രാത്രി പത്തതരയോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അപ്പോഴേക്കും കൊൽക്കത്തയിലേക്കുള്ള ഷാലിമാർ, വിവേക് എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾ കൊല്ലം സ്റ്റേഷൻ വിട്ടുപോയിരുന്നു. തുടർന്ന് ബിരേന്ദറിന്റെ സുഹൃത്തുക്കൾ വിവേക് എക്സ്പ്രസിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടി ഷാലിമാർ എക്സ്പ്രസിൽ കയറിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഈ ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് കൊൽക്കത്തയിൽ എത്തും.
കുട്ടിയുടെ കയ്യിൽ പണമോ വസ്ത്രങ്ങളോ മറ്റ് ബാഗുകളോ ഇല്ല. കറുത്ത നിറമുള്ള ഫ്രെയിഡോട് കൂടിയ കണ്ണട
ധരിച്ചിട്ടുള്ള കുട്ടിക്ക് നാലടി ഉയരവും, ഇരുനിറവും, മെലിഞ്ഞ ശരീരപ്രകൃതിയുമാണുള്ളത്. കൂടാതെ ബാലന്റെ ഇടതുകയ്യിൽ ആറ് വിരലുകളുമുണ്ട്.
കുട്ടിയെ കണ്ടെത്താനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കൊല്ലം ഈസ്റ്റ് പൊലീസും ആർപിഎഫും അറിയിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു: 0474 2742072 (കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

