ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് വരെ ദീർഘിപ്പിച്ച നടപടിയിൽ യാത്രക്കാർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ട്രെയിൻ തിരുവനന്തപുരം വരെ നീട്ടുന്നതിന് ഔദ്യോഗികമായി അനുമതി നൽകിയത്.
ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പകൽ സമയങ്ങളിൽ നിലവിലുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് തുടങ്ങിയ മേഖലകളിൽ നിന്നുളളവർക്ക് തലസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും പുതിയ തീരുമാനം സഹായകരമാകും. അതേസമയം, ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്നതും, ഉത്തരേന്ത്യയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നതുമായ ഏക പ്രധാന ട്രെയിനാണ് ധൻബാദ്–ആലപ്പുഴ എക്സ്പ്രസ്.
ഇത് തിരുവനന്തപുരത്തേക്ക് മാറ്റുന്നതോടെ ജില്ലയ്ക്ക് സ്വന്തമായുള്ള ഒരു ട്രെയിൻ സേവനമാണ് നഷ്ടപ്പെടുന്നത്. കൂടാതെ, ഇതിലൂടെ ആലപ്പുഴയിലെ പിറ്റ് ലൈൻ അടച്ചുപൂട്ടുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
പിറ്റ് ലൈൻ നിലനിർത്തണമെന്ന് ആവശ്യം അമ്പലപ്പുഴ–ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി ആലപ്പുഴയിലെ മെയ്ന്റനൻസ് ഡിപ്പോ പൂട്ടാനും പിറ്റ്ലൈൻ പൊളിച്ചുനീക്കാനും റെയിൽവേ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം നോർത്ത്, എറണാകുളം, ഷൊർണൂർ, ആലപ്പുഴ എന്നിവിടങ്ങളിലാണ് മെയിന്റനൻസ് ഡിപ്പോയും പിറ്റ് ലൈനുമുള്ളത്.
ദീർഘദൂര ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും സുഗമമായ സർവീസ് ക്രമീകരണങ്ങൾക്കും പിറ്റ് ലൈൻ അത്യാവശ്യമാണ്. നിലവിൽ ആലപ്പുഴയിൽ മണിക്കൂറുകളോളം നിർത്തിയിട്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ധൻബാദ് അടുത്ത സർവീസിനായി തയ്യാറെടുക്കുന്നത്.
കണ്ണൂർ എക്സ്പ്രസ്, ചെന്നൈ– ആലപ്പുഴ എക്സ്പ്രസ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളും ഇവിടെയാണ് നടക്കുന്നത്. പിറ്റ് ലൈൻ നഷ്ടമായാൽ മെക്കാനിക്കൽ ഡിപ്പോയും ഇല്ലാതാകുകയും, ആലപ്പുഴ സാധാരണ റെയിൽവേ സ്റ്റേഷൻ മാത്രമായി ഒതുങ്ങുകയും ചെയ്യും.
ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ആലപ്പുഴ യാർഡിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ പിറ്റ്ലൈൻ നിർമിക്കണമെന്നാണ് പ്രധാന ആവശ്യം.
ബദൽ സർവീസുകൾ വേണം ധൻബാദ് തിരുവനന്തപുരത്തേക്ക് മാറ്റിയ പശ്ചാത്തലത്തിൽ, എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ടാറ്റനഗർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ആലപ്പുഴയിലേക്ക് നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അർധരാത്രി എറണാകുളത്ത് എത്തുന്ന ടാറ്റനഗർ എക്സ്പ്രസ് നീട്ടിയാൽ യാത്രാക്ലേശത്തിന് വലിയൊരളവോളം പരിഹാരമാകും.
കൂടാതെ ബെംഗളൂരു ഇന്റർസിറ്റി, ബിലാസ്പൂർ സൂപ്പർഫാസ്റ്റ്, പട്ന സൂപ്പർഫാസ്റ്റ് തുടങ്ങിയവയും ആലപ്പുഴയിലേക്ക് നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സമയക്രമത്തിലെ ആശങ്കകൾ ട്രെയിൻ നീട്ടിയതോടെ പുതിയ സമയക്രമം എങ്ങനെയായിരിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
രാവിലെ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന സമയവും തിരുവനന്തപുരത്തു നിന്നുള്ള തിരിച്ചു വരവും സുഗമമാകുമോ എന്നാണ് സ്ഥിരം യാത്രക്കാർ ഉന്നയിക്കുന്ന ചോദ്യം. പുതിയ യാത്രാ സാധ്യതകൾ തുറക്കപ്പെടുമ്പോഴും, പ്രാദേശിക യാത്രാ സൗകര്യങ്ങളും ഡിപ്പോയുടെ നിലനിൽപ്പും ഉറപ്പാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

