ഐഡിബിഐ ബാങ്കിലെ 60.72 കോടി ഓഹരികൾ കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിനു വിൽക്കാൻ തീരുമാനിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി കേന്ദ്രം രംഗത്ത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ കൂടി സമാന രീതിയിൽ വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് വിവരം.
വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ 75 ശതമാനത്തിൽ അധികം ഓഹരികൾ പ്രൊമോട്ടർമാർ കൈവശം വയ്ക്കാൻ പാടില്ലെന്ന സെബി ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എന്നാൽ, ഇക്കാര്യം കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2026 ഓഗസ്റ്റ് വരെ ഈ ചട്ടത്തിൽ നിന്ന് പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നെങ്കിലും, പിന്നീട് ഈ ഇളവ് നീട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ ബാങ്കുകളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിനു മുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഓഫർ ഫോർ സെയിൽ വഴിയാകും കേന്ദ്രസർക്കാർ ഓഹരി വിഹിതം ഒഴിവാക്കുക. വിപണിയിലെ സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും സമയക്രമവും വിലയും നിശ്ചയിക്കുന്നത്.
നിലവിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 92.44 ശതമാനവും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 81.19 ശതമാനവും, യൂകോ ബാങ്കിൽ 90.95 ശതമാനവും, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 93.85 ശതമാനവും ഓഹരികളാണ് കേന്ദ്രസർക്കാരിനുള്ളത്. ഭാവിയിൽ മൂന്നോ നാലോ വലിയ പൊതുമേഖല ബാങ്കുകൾ മാത്രം മതിയെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
ഇതിന്റെ ഭാഗമായി ബാങ്കുകളുടെ എണ്ണം കുറയ്ക്കാനും ലയിപ്പിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ സ്വകാര്യവൽക്കരണത്തിനായി നിതി ആയോഗ് തിരഞ്ഞെടുത്തതായും വിവരങ്ങളുണ്ട്.
ഏകദേശം 53,000 കോടി രൂപയ്ക്കാണ് കനേഡിയൻ കമ്പനിക്ക് ഐഡിബിഐയുടെ ഭൂരിപക്ഷം ഓഹരികളും വിൽക്കാൻ കേന്ദ്രമന്ത്രിസഭ അനുവാദം നൽകിയത്. ഇന്ത്യൻ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
കേന്ദ്രത്തിന്റെ കൈവശമുള്ള 30.48% ഓഹരികളും എൽഐസിയുടെ 30.24% ഓഹരികളുമാണ് ഇതിൽ വിൽക്കുന്നത്. ഇടപാട് പൂർത്തിയാകുമ്പോൾ ഫെയർഫാക്സ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയാകും.
ഓഹരിയൊന്നിന് 81 രൂപ നിരക്കിലാണ് ഈ ഇടപാട് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

