നാഗ്പൂരിൽ നടന്ന ദേശീയ വനിതാ അണ്ടർ 19 ടി20 ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിനിടയിൽ അപ്രതീക്ഷിത സംഭവങ്ങൾ. കർണാടകയും വിദർഭയും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഗ്രൗണ്ടിലേക്ക് കുരങ്ങൻ പാഞ്ഞെത്തിയത്.
ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന കർണാടക താരം ഉമ കഷ്വിയുടെ അടുത്തേക്ക് പെട്ടെന്ന് ഒരു കുരങ്ങൻ ഓടിയെത്തുകയായിരുന്നു. കുരങ്ങനെ കണ്ട് ഭയന്നോടിയ 15 കാരിയായ താരം നില തെറ്റി വീഴുകയും, തുടർന്ന് മത്സരം തടസ്സപ്പെടുകയും ചെയ്തു.
അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഉമ കഷ്വി വീണത്. ഭാഗ്യവശാൽ പരിക്കുകൾ ഒന്നുമില്ലാതെ താരം വേഗത്തിൽ തന്നെ എഴുന്നേറ്റു.
ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം കളി പുനരാരംഭിക്കുകയും, ആവേശകരമായ മത്സരത്തിൽ വിദർഭയെ തോൽപ്പിച്ച് കർണാടക സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. മത്സരത്തിൽ കർണാടകയ്ക്കായി പന്തെറിഞ്ഞ ഉമ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകൾ വീഴ്ത്തി. കർണാടക ഉയർത്തിയ വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ ഉമയുടെ ബോളിംഗ് പ്രകടനം നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുത്തു. ഒരു ഘട്ടത്തിൽ 65 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് തകർന്ന കർണാടകയെ, കുശി സൂര്യകാന്ത് (പുറത്താകാതെ 33), കർണിക കാർത്തിക് (23) എന്നിവരുടെ ബാറ്റിംഗാണ് ഭേദപ്പെട്ട
സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിദർഭയ്ക്കായി സ്വര താക്കറെ (32*), സാക്ഷി ഭൂപാൽ (25*) എന്നിവർ പൊരുതിയെങ്കിലും, നിശ്ചിത ഓവറിൽ 7 വിക്കറ്റിന് 134 റൺസ് എടുക്കാനേ അവർക്കായുള്ളൂ.
ഇതോടെ 6 റൺസിന്റെ ആവേശകരമായ വിജയം കർണാടക സ്വന്തമാക്കി. ഒക്ടോബർ 24-ന് നാഗ്പൂർ ലേഡി അമൃത്ഭായ് ദഗ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സെമിഫൈനലിൽ ബറോഡയാണ് കർണാടകയുടെ അടുത്ത എതിരാളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

