മലയോര മേഖലയായ ഇരിട്ടിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ വ്യാപാരികൾ കണ്ടെത്തിയ വ്യത്യസ്തമായ തന്ത്രങ്ങൾ പൊളിച്ച് പൊലീസ്. തേനീച്ചക്കൃഷിയുടെ മറവിൽ ചാക്ക് കണക്കിന് ലഹരി വസ്തുക്കൾ കടത്തിയ സംഭവവും, സെപ്റ്റിക് ടാങ്ക് നിർമാണമാണെന്ന് തെറ്റിധരിപ്പിച്ച് ബാരലുകളിൽ സൂക്ഷിച്ച് മണ്ണിൽ കുഴിച്ചിട്ട് കച്ചവടം നടത്തിയ സംഭവവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.
കരിക്കോട്ടക്കരി, ഉളിക്കൽ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ തട്ടിപ്പുകൾ പിടികൂടിയത്. ഉളിക്കൽ പൊലീസിന്റെ നുച്യാട് നടത്തിയ പരിശോധനയിലാണ് മണ്ണിൽ കുഴിച്ചിട്ട
ബാരലുകളിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിപ്പാത്ത് യൂനിസ് സൂപ്പി (41)യെ പൊലീസ് പിടികൂടി.
ഇയാളുടെ കടയ്ക്കു പിന്നിൽ സെപ്റ്റിക് ടാങ്ക് നിർമിക്കുകയാണെന്ന് തോന്നിപ്പിക്കും വിധം ബാരലുകളിൽ പുകയില പാക്കറ്റുകൾ നിറച്ച് മണ്ണിൽ കുഴിച്ചിടുകയായിരുന്നു. ഇവിടെ നിന്നും 127 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
ഉളിക്കൽ എസ്എച്ച്ഒ കെ.കെ.രാധാകൃഷ്ണൻ, എസ്ഐ അജയ് ദാസ്, സിപിഒമാരായ കെ.ഉമേഷ്, സി.പി.രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു സംഭവത്തിൽ, തേനീച്ചക്കൃഷിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിവന്ന തമിഴ്നാട് സ്വദേശി പുഷ്പരാജ് (53) അഞ്ചാം തവണയാണ് പൊലീസിന്റെ പിടിയിലാകുന്നത്.
കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിലെ വലിയപറമ്പുംകരിയിൽ വെച്ചാണ് ഇത്തവണ ഇയാൾ പിടിയിലായത്. മലയോരത്തെ മിക്ക പൊലീസ് സ്റ്റേഷനുകളിലും സമാനമായ കുറ്റകൃത്യങ്ങൾക്ക് ഇയാൾക്കെതിരെ കേസുകളുണ്ട്.
കരിക്കോട്ടക്കരി, ഇരിട്ടി, ഉളിക്കൽ, മുഴക്കുന്ന് സ്റ്റേഷനുകളിൽ മുൻപും പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചതിനും വിപണനം നടത്തിയതിനും ഇയാൾ പിടിയിലായിട്ടുണ്ട്. ഓരോ തവണയും 25 മുതൽ 30 ചാക്കുകൾ വരെ പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നെങ്കിലും, പിഴ ഒടുക്കിയ ശേഷം വീണ്ടും കച്ചവടം തുടരുന്നതായിരുന്നു ഇയാളുടെ രീതി.
എന്നാൽ ഇത്തവണ താരതമ്യേന ചെറിയ അളവായ 75 പാക്കറ്റുകളാണ് പിടികൂടിയത്. കരിക്കോട്ടക്കരി എസ്എച്ച്ഒ വി.സുരേഷ്കുമാർ, എസ്ഐ സുനിൽ വളയങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
തമിഴ്നാട് മാർത്താണ്ടത്ത് നിന്ന് തേനീച്ച കൃഷിക്കായി വർഷങ്ങൾക്കു മുൻപ് മേഖലയിൽ എത്തിയതാണ് പുഷ്പരാജ്. കാസർകോട് മുതൽ കൊട്ടിയൂർ വരെ വലിയൊരു വിതരണ ശൃംഖല തന്നെ ഇയാൾക്കുണ്ട്.
തേൻ കൂടുകൾക്കൊപ്പം പുകയില ഉൽപന്നങ്ങളും കൊണ്ടുപോയിരുന്നതിനാൽ വാഹന പരിശോധനകളിൽ ഇയാൾ എളുപ്പത്തിൽ രക്ഷപ്പെട്ടിരുന്നു. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് വിൽപന വ്യാപിപ്പിച്ചത്.
തേനീച്ചക്കൃഷിക്കെന്ന പേരിൽ വിവിധ പഞ്ചായത്തുകളിൽ ഇയാൾ വീടുകൾ വാടകയ്ക്കെടുത്തിരുന്നു. തേനീച്ചകൾക്കു നൽകാൻ പഞ്ചസാര ചാക്കുകൾ എന്ന വ്യാജേനയാണ് പുകയിലയുൽപ്പന്നങ്ങൾ നിറച്ച ചാക്കുകൾ ഈ വീടുകളിൽ കൂട്ടിയിട്ടിരുന്നത്.
കർണാടകയിൽ നിന്നും 10–15 രൂപയ്ക്ക് ലഭിക്കുന്ന പാക്കറ്റുകൾ കേരളത്തിലെത്തിച്ച് 100 രൂപയ്ക്കു വരെയാണ് ഇയാൾ മറിച്ചു വിറ്റിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

