ഉടുത്തൊരുങ്ങുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് സാരി ധരിക്കുക എന്നത്.
അനുസരണക്കേടാണ് സാരിയുടെ പ്രധാന സ്വഭാവമെങ്കിലും, ഇന്ന് ഏതവസരത്തിലും സുന്ദരമായി സാരിയൊരുക്കാൻ പ്രൊഫഷണൽ സാരി ഡ്രേപ്പിസ്റ്റുകൾ സജീവമാണ്. നിന്നുകൊടുത്താൽ മാത്രം മതി, വഴങ്ങാത്ത ഏതു സാരിയും കൃത്യതയോടെ ഉടുപ്പിച്ചു നൽകാൻ ഇവർക്ക് സാധിക്കും.
സാരി ഡ്രേപ്പിങ് എന്നത് ചില്ലറപ്പരിപാടിയല്ല. സാരി ഉടുക്കുന്നയാളുടെ ശരീരപ്രകൃതിയും സാരിയുടെ സ്വഭാവവും നന്നായി പഠിച്ച ശേഷമാണ് ഇവർ ഞൊറിയെടുക്കുന്നത്.
സാരി തേച്ച് ഞൊറികൾ കൃത്യമായി എടുത്തു പിൻ ചെയ്ത് ഉടുപ്പിക്കുക എന്നതാണ് രീതി. തടിയുള്ളവർക്ക് ഒരു രീതിയാണെങ്കിൽ, മെലിഞ്ഞവർക്കും ഉയരക്കൂടുതലുള്ളവർക്കും വ്യത്യസ്തമായ ടെക്നിക്കുകളാണ് ഉപയോഗിക്കുന്നത്.
ഇന്ന് വിവാഹങ്ങളിൽ വധുവിനു പുറമെ അമ്മായിയമ്മ, നാത്തൂൻ തുടങ്ങി ചടങ്ങിലെ മറ്റുള്ളവർക്കും ചേരുന്ന രീതിയിൽ സാരി ഡ്രേപ്പിങ് നടത്തുന്നതാണ് പുതിയ ട്രെൻഡ്. 500 മുതൽ ലക്ഷങ്ങളിലേക്ക് വലിയൊരു തൊഴിൽമേഖലയായി സാരി ഡ്രേപ്പിങ് ഇന്ന് വളർന്നു കഴിഞ്ഞു.
500 രൂപ മുതൽ ലക്ഷങ്ങൾ വരെ ചാർജ് ഈടാക്കി സാരി ഡ്രേപ്പിങ് നടത്തുന്ന പ്രൊഫഷണലുകളുണ്ട്. സാരിയുടെ വിലയും ചടങ്ങിന്റെ വലുപ്പവുമനുസരിച്ചു നിരക്കുകളിൽ വ്യത്യാസം വരും.
സാധാരണ സാരികൾക്ക് 500 മുതൽ 5,000 രൂപ വരെയാണ് ചാർജ് വരുന്നത്. എന്നാൽ വിവാഹങ്ങൾക്കും മറ്റും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി വാങ്ങുന്ന സാരികൾക്ക് ഡ്രേപ്പിങ്ങിനായും വലിയ തുക നൽകേണ്ടി വരുന്നു.
കോട്ടൺ, ഷിഫോൺ, സിൽക്ക് മെറ്റീരിയലുകളിൽ വരുന്ന സാധാരണ സാരികൾക്കു കുറഞ്ഞ സമയം മതിയാകുമെങ്കിലും, ഹെവി വർക്കുകൾ വരുന്ന പാർട്ടിവെയർ സാരികൾ ഡ്രേപ് ചെയ്തെടുക്കാൻ മണിക്കൂറുകളുടെ അധ്വാനം ആവശ്യമാണ്. സലൂണുകളിൽ നേരിട്ടു ചെന്നുമുള്ള സേവനത്തിനും വീട്ടിലെത്തി ചെയ്യുന്നതിനും വ്യത്യസ്ത നിരക്കുകളാണുള്ളത്.
മേക്കപ്പും സാരി ഡ്രേപ്പിങ്ങുമെല്ലാം പാക്കേജ് ആയി ചെയ്തുനൽകുന്നവരും നിരവധിയാണ്. സാരിക്കൊത്ത സ്റ്റൈൽ; സ്റ്റൈലിനൊത്ത സാരി എല്ലാ സാരികളും എല്ലാ ഡ്രേപ്പിങ് രീതികൾക്കും ഒരുപോലെ അനുയോജ്യമാകില്ല.
കട്ടിയുള്ള സിൽക്ക് സാരികൾക്കു പരമ്പരാഗതമായ ഡ്രേപ്പിങ്ങാണു മനോഹരം. ഭാരം കുറഞ്ഞ ജോർജറ്റ്, ഷിഫോൺ സാരികൾ ഒഴുകിനിൽക്കുന്ന ലുക്കുകൾക്ക് അനുയോജ്യമാണ്.
കോട്ടൺ സാരികൾക്കു ലളിതവും ഭംഗിയുള്ളതുമായ ഡ്രേപ്പിങ് തിരഞ്ഞെടുക്കാം. എന്നാൽ സ്റ്റൈലിനൊപ്പം സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.
ഏറെനേരം ധരിക്കേണ്ട അവസരങ്ങളിൽ നടക്കാനും ഇരിക്കാനും എളുപ്പമുള്ള രീതിയിലായിരിക്കണം സാരി ഡ്രേപ് ചെയ്യേണ്ടത്.
ഞൊറികളിൽ പുതുമ പരമ്പരാഗതമായി ഞൊറിഞ്ഞുടുക്കുന്ന രീതിക്കപ്പുറം, വ്യത്യസ്തമായ ചുറ്റുകളിലൂടെയും മടക്കുകളിലൂടെയും പ്ലീറ്റുകളിലൂടെയും സാരിക്കു പുതിയ രൂപം നൽകുന്നതാണ് ഇന്നത്തെ ഫാഷൻ. ഒരേ സാരി വ്യത്യസ്ത രീതികളിൽ അണിഞ്ഞ് ഓരോ അവസരത്തിനും അനുയോജ്യമായ ലുക്ക് സൃഷ്ടിക്കാമെന്നതാണു ഡ്രേപ്പിങ്ങിന്റെ ഏറ്റവും വലിയ ആകർഷണം.
ധോത്തി സ്റ്റൈൽ, പാന്റ്സ് ഡ്രേപ്പിങ്, പ്രീ സ്റ്റിച്ച്ഡ് സാരി, കേപ്പ് ഡ്രേപ്പിങ്, ബെൽറ്റ് സ്റ്റൈൽ, ബട്ടർഫ്ലൈ ഡ്രേപ്പിങ് തുടങ്ങി സാരിയിലെ ട്രെൻഡിങ് പരീക്ഷണങ്ങൾ ഏറെയാണ്. കൂടാതെ കൂടുതൽ സൗകര്യപ്രദമായ തരത്തിൽ റെഡി ടു വെയർ സാരികളും ഇന്ന് ഏറെ സാധാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

