തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലകളിൽ ലക്ഷക്കണക്കിന് ശലഭങ്ങളുടെ കൂട്ടപ്പലായനം (ബട്ടർഫ്ലൈ മൈഗ്രേഷൻ) വീണ്ടും സജീവമായി. സെപ്റ്റംബർ പകുതിയോടെ നടന്ന ആദ്യഘട്ട
ദേശാടനത്തിന് ശേഷമുള്ള ഏറ്റവും വലുതും പ്രകടവുമായ പലായനമാണിത്. ഡാനൈനെ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന ബ്ലൂ ടൈഗർ, ഡാർക്ക് ബ്ലൂ ടൈഗർ, കോമൺ ക്രോ, ഡബിൾ ബ്രാൻഡഡ് ക്രോ തുടങ്ങിയ ഇനങ്ങളിൽപ്പെട്ട
ശലഭങ്ങളാണ് ഇപ്പോൾ പടിഞ്ഞാറൻ ജില്ലകളിലൂടെ യാത്ര ചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിൻവാങ്ങലും വടക്കുകിഴക്കൻ മൺസൂൺ മഴയുടെ ആരംഭവുമാണ് ഈ പ്രതിഭാസത്തിന് ആക്കം കൂട്ടിയത്.
സേലം, നാമക്കൽ, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ എന്നീ ജില്ലകളിലാണ് ഇവയുടെ സഞ്ചാരം പ്രധാനമായും നിരീക്ഷിച്ചിട്ടുള്ളതെന്ന് ‘ദി നേച്ചർ ആൻഡ് ബട്ടർഫ്ലൈ സൊസൈറ്റി’ (ടിഎൻബിഎസ്) പ്രവർത്തകർ വ്യക്തമാക്കുന്നു. രാസിപുരത്ത് ഒരു മിനിറ്റിൽ 72 ബ്ലൂ ടൈഗർ ശലഭങ്ങൾ വരെ കടന്നുപോയതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
വടക്കുകിഴക്കൻ മൺസൂൺ കാലത്ത് സാധാരണയായി പടിഞ്ഞാറൻ ഘട്ട മലനിരകളുടെ അടിവാരങ്ങളിലേക്കാണ് ശലഭങ്ങൾ ദേശാടനം നടത്തുന്നത്.
തുടർന്ന് വരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവ തിരികെ സമതലങ്ങളിലേക്ക് റിവേഴ്സ് മൈഗ്രേഷൻ നടത്തുമെന്നും ടിഎൻബിഎസ് പ്രസിഡന്റ് എ.പാവേന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ മേട്ടുപ്പാളയം മുതൽ സിങ്കാനല്ലൂർ വരെയുള്ള പ്രദേശങ്ങളിൽ പലായനം അതിന്റെ പരകോടിയിലായിരുന്നു.
ഈ സമയത്ത് ഒരു മിനിറ്റിൽ 5 മുതൽ 135 ശലഭങ്ങൾ വരെ കടന്നുപോയി. ഞായറാഴ്ചയും ഈറോഡ്, തിരുപ്പൂർ ജില്ലകളിൽ ഇവയുടെ സഞ്ചാരം തുടർന്നിരുന്നു.
വാഹനങ്ങൾ തട്ടി പൊലിയുന്ന ശലഭജീവിതങ്ങൾ സാധാരണയായി അഞ്ച് മുതൽ 25 മീറ്റർ വരെ ഉയരത്തിലാണ് ശലഭങ്ങൾ പറക്കാറുള്ളതെങ്കിലും, ഇത്തവണത്തെ മഴയുള്ള കാലാവസ്ഥ കാരണം ഇവ നിലത്തോട് ചേർന്ന് പറക്കുന്നതായി സൊസൈറ്റി അംഗമായ എസ്.ഗോപാലകൃഷ്ണൻ പറഞ്ഞു. തറയോട് ചേർന്ന് പറക്കുന്നത് മൂലം തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ തട്ടി വൻതോതിൽ ശലഭങ്ങൾ ചത്തുപോകുന്നതായും മുതിർന്ന ടിഎൻബിഎസ് അംഗം കെ.സതീഷ് കുമാർ ചൂണ്ടിക്കാട്ടി.
ഒരു പ്രദേശത്ത് മാത്രം ആയിരത്തിലധികം ശലഭങ്ങളാണ് ഇത്തരത്തിൽ വാഹനങ്ങൾ ഇടിച്ച് ചത്തൊടുങ്ങിയത്. പടിഞ്ഞാറൻ മലനിരകളുടെ അടിവാരങ്ങളിൽ എത്തുന്നതോടെ ഇവ പൂന്തേൻ നുകരാനായി കൂട്ടത്തോടെ തമ്പടിക്കുകയാണ് പതിവ്.
കോയമ്പത്തൂർ നേച്ചർ സൊസൈറ്റി പ്രവർത്തകരും നിരീക്ഷണ പ്രവർത്തനങ്ങൾക്ക് സഹായവുമായി രംഗത്തുണ്ട്. വനംവകുപ്പിന്റെയും വിവിധ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ ശലഭങ്ങൾ കൂടുതലായി ചത്തൊടുങ്ങുന്ന റോഡുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണമെന്നും വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകണമെന്നും സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ലക്ഷക്കണക്കിന് ശലഭങ്ങളെ സംരക്ഷിക്കാൻ ഇത്തരം നടപടികൾ അത്യന്താപേക്ഷിതമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

