സംസ്ഥാനത്ത് പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ കർശനമായതോടെ ലഹരി കടത്തിനായി പുതിയ വഴികൾ തേടി മാഫിയാ സംഘങ്ങൾ. ആരെയും ഞെട്ടിക്കുന്ന വിധത്തിൽ ട്രെയിൻ-ബസ് മാർഗ്ഗം കടത്താൻ ശ്രമിച്ച 20 കിലോഗ്രാമിലധികം കഞ്ചാവ് കൊച്ചിയിൽ വെച്ച് പിടികൂടി.
മണിക്കൂറുകൾ പരിശ്രമിച്ചിട്ടും കഞ്ചാവ് മുഴുവൻ പുറത്തെടുക്കാൻ ഡാൻസാഫ് സംഘത്തിന് കഴിഞ്ഞിട്ടില്ല. ലഹരി കടത്തുന്നതിനിടെ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ സുഖ്ചന്ദ് സേഖ് ആണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കണ്ടാൽ ഉള്ളിൽ ലഹരി വസ്തുക്കളുണ്ടെന്ന് ആർക്കും സംശയം തോന്നാത്ത രീതിയിൽ 1 മീറ്റർ നീളമുള്ള മൂന്ന് ഇരുമ്പു ബോക്സുകളിലാണ് കഞ്ചാവ് കുത്തി നിറച്ചിരുന്നത്. ഇവയുടെ മൂടി വെൽഡ് ചെയ്തു അടച്ചുറപ്പിച്ച നിലയിലായിരുന്നു.
തുടർന്ന് ഈ മൂന്നു ബോക്സുകളും ഒരു ചാക്കിൽ നിറച്ച് സാധാരണ യാത്രക്കാരനെ പോലെ ട്രെയിനിൽ കയറി യാത്ര ചെയ്യുകയായിരുന്നു പ്രതി. ഈ രീതിയിൽ എലൂരിൽ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം കർണാടകയിൽ കഞ്ചാവ് എത്തിച്ച ശേഷമാണ് ഇവ ഇരുമ്പ് ബോക്സുകളിലേക്ക് മാറ്റുന്നത്. ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് പ്രത്യേകമായി നിർമിച്ച പെട്ടിയിലാണ് കഞ്ചാവ് നിറയ്ക്കുക.
പ്രതി കുറച്ചധികം നാളുകളായി പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്നും തുച്ഛമായ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ച് കിലോയ്ക്ക് അഞ്ചിരട്ടി ലാഭത്തിലാണ് ഇവർ കച്ചവടം നടത്തിയിരുന്നത്.
കർണാടകയിൽ വച്ച് പെട്ടിക്കുള്ളിലാക്കുന്ന കഞ്ചാവ് പിന്നീട് അന്തർ സംസ്ഥാന ബസിൽ കയറ്റി കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. പെട്ടിയിലുള്ളത് അലങ്കാരപ്പണികൾക്കുള്ള വസ്തുക്കളാണെന്നാണ് പ്രതി ബസ് ജീവനക്കാരോടും ലഗേജ് കയറ്റാൻ സഹായിച്ചവരോടും പറഞ്ഞിരുന്നത്.
എലൂരിൽ ബസിറങ്ങി അടുത്ത സ്ഥലത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ നർകോട്ടിക് സെൽ ഉദ്യോഗസ്ഥർ പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് കട്ടർ കൊണ്ട് അറുത്തും ചുറ്റിക കൊണ്ട് അടിച്ചും ഏറെ പണിപ്പെട്ടാണ് മണിക്കൂറുകളെടുത്ത് ഓരോ പെട്ടിയും ഉദ്യോഗസ്ഥർക്ക് തുറക്കാനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

