ബോളിവുഡ് നടൻ ടൈഗർ ഷ്റോഫ് ഉൾപ്പെട്ട വെടിവയ്പ് കേസിൽ പിടിയിലായ ഷൂട്ടർമാർ യഥാർത്ഥത്തിൽ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത് സൂപ്പർതാരം സൽമാൻ ഖാനെ ആയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതികൾ ലക്ഷ്യമിട്ടിരുന്നത് ടൈഗർ ഷ്റോഫിനെയല്ലെന്നും മറിച്ച് മറ്റൊരു പ്രമുഖ വിഐപിയെയാണെന്നും നേരത്തേ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ നിർണായക വിവരം സൽമാൻ ഖാനെക്കുറിച്ചാണെന്ന് മുംബൈ പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുംബൈയിൽ എത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ വസതി സ്ഥിതി ചെയ്യുന്ന പ്രദേശം നിരീക്ഷിച്ചിരുന്നു. എന്നാൽ നടന്റെ വീടിനു ചുറ്റും ശക്തമായ പൊലീസ് കാവലും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നതിനാൽ സംഘം ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
2024-ൽ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ് ഉണ്ടായതിന് പിന്നാലെ മുംബൈ പൊലീസ് സുരക്ഷ അതിശക്തമാക്കിയിരുന്നു. വൈ-പ്ലസ് സുരക്ഷയുടെ ഭാഗമായി 24 മണിക്കൂറും കനത്ത പൊലീസ് നിരീക്ഷണമാണ് ഇവിടെയുള്ളത്.
കൂടാതെ, താരം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം സായുധരായ പൊലീസുകാരുടെ അകമ്പടിയുമുണ്ടായിരുന്നു. ഇതിനു പകരമായി, എല്ലാ ഞായറാഴ്ചയും മുംബൈയിലെ ജുഹുവിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ബോളിവുഡ് താരം ടൈഗർ ഷ്റോഫ് എത്താറുണ്ടെന്ന് പ്രതികൾ മനസ്സിലാക്കി.
ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ താരതമ്യേന കുറവാണെന്ന് കണ്ടാണ് സംഘം ഇവിടേക്ക് തിരിഞ്ഞത്. ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സൽമാൻ ഖാനോടൊപ്പം സഹകരിക്കുന്നവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, ഈ കേസിൽ നാല് പ്രതികളെ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ ന്യൂഡൽഹി റേഞ്ച് (എൻഡിആർ) ഹരിയാനയിലെ സോണിപത്ത് ജില്ലയിൽ നിന്നും പിടികൂടി. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. പ്രതികൾക്ക് ആവശ്യമായ ആയുധങ്ങൾ എത്തിച്ചു നൽകിയവരാണ് ഇവർ.
ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി ആയുധങ്ങൾ കൈമാറാൻ ചുമതലപ്പെടുത്തിയിരുന്നതുകൊണ്ടാണ് ഈ സ്ത്രീകൾ ഹരിയാനയിൽ നിന്നും ആയുധങ്ങളുമായി മുംബൈയിലേക്ക് യാത്ര ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനു പുറമെ, വെടിവയ്പ് സംഭവുമായി നേരിട്ട് ബന്ധമുള്ള മറ്റ് മൂന്ന് പ്രതികളെ രാജസ്ഥാൻ പൊലീസ് കോട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് മുംബൈ പൊലീസിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

