നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് നാളെ വിജയദശമി. അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ ചുവടുവെക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്കായി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും സജ്ജമായിക്കഴിഞ്ഞു.
മഹാനവമി ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വലിയ തോതിലുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പൂജവെപ്പിന് ശേഷം വിജയദശമി നാളിൽ പുലർച്ചെ മുതൽ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭ ചടങ്ങുകളും നടക്കും.
വിദ്യാദേവിയായ മൂകാംബികയുടെ സന്നിധാനമായ കൊല്ലൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മഹാനവമി ദിനത്തിലെ പ്രധാന ആചാരമായ പുഷ്പരഥോത്സവം ഇന്ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്.
ദേവി വിഗ്രഹത്തെ പ്രത്യേകമായി അലങ്കരിച്ച രഥത്തിലേറ്റിയുള്ള ശ്രീകോവിലിനു ചുറ്റുമുള്ള എഴുന്നള്ളത്ത് ദർശിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. നാളത്തെ വിദ്യാരംഭ ചടങ്ങുകൾക്കായി കൊല്ലൂരിൽ വിപുലമായ ക്രമീകരണങ്ങളാണ് റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ളത്.
വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന പ്രശസ്തമായ വടക്കൻ പറവൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിലെ ഹരിശ്രീ കുറിക്കലിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 5:30-ഓടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും.
പൂജപ്പുരയ്ക്ക് പുറമെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും. മലപ്പുറം തിരൂരിലെ അക്ഷരമുറ്റമായ തുഞ്ചൻ പറമ്പിൽ പ്രമുഖ സാംസ്കാരിക നായകരുടെയും എഴുത്തുകാരുടെയും നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള അവസാനവട്ട
ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട
എല്ലാ സരസ്വതി ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്കായി പ്രത്യേക പന്തലുകളും തിരക്ക് നിയന്ത്രിക്കുന്നതിനായി ശക്തമായ പോലീസ് സുരക്ഷയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

