തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എസ്സെൻസ് ഗ്ലോബൽ വാർഷിക സമ്മേളനമായ ‘ലിറ്റ്മസ്-26’ വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി സി.പി. ജോൺ.
മതേതരത്വത്തിന്റെ ആണിക്കല്ല് ശാസ്ത്രമാണെന്നും സമൂഹത്തിൽ ശാസ്ത്ര പ്രചാരണം ഇക്കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ എസ്സെൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മന്ത്രി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
വ്യത്യസ്ത ആശയങ്ങളുള്ള എസ്സെൻസിന്റെ കാഴ്ചപ്പാടുകളോട് വലിയ തോതിൽ യോജിപ്പുള്ളപ്പോൾ തന്നെ ചില ചെറിയ വിയോജിപ്പുകളും തനിക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാവരോടും തുല്യ അകലം പാലിക്കുക എന്നതല്ല, മറിച്ച് എല്ലാവരോടും തുല്യ അടുപ്പം സൂക്ഷിക്കുന്നതാണ് തന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ കേരള യുക്തിവാദി സംഘവുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള പാരമ്പര്യം തനിക്കുണ്ട്. എങ്കിലും ഹോമിയോപ്പതിയെ വിമർശിക്കുന്നതുപോലെയുള്ള എസ്സെൻസിന്റെ ചില നിലപാടുകളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഈ വർഷത്തെ എസ്സെൻസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ. കെ.എം.
ശ്രീകുമാർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
ഇതോടൊപ്പം പ്രഖ്യാപിച്ച ‘ഫ്രീ തിങ്കർ ഓഫ് ദി ഇയർ’ അവാർഡിന് സുഗുണൻ നോച്ചോടും, ‘യങ് ഫ്രീ തിങ്കർ ഓഫ് ദി ഇയർ’ അവാർഡിന് മനു.എ.എസ്, സുരൻ നൂറനാട്ടുകര, സുരേഷ് ബാബു ചെറൂളി എന്നിവരും അർഹരായി. രാവിലെ 8:30 മുതൽ വൈകുന്നേരം 7 മണി വരെ നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും സംവാദങ്ങളും നടന്നു.
പഴഞ്ചൻ പൊതുബോധം മാറണം നാടിന്റെ സമഗ്ര വികസനത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത് ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ അല്ല, മറിച്ച് ജനങ്ങളുടെ പഴഞ്ചൻ പൊതുബോധമാണെന്ന് എൻ. പ്രശാന്ത് ഐഎഎസ് അഭിപ്രായപ്പെട്ടു.
‘ലിറ്റ്മസ് 2026’-ലെ ‘മലയാളി മെമ്മോറിയൽ’ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി എന്നാൽ നെൽവയലുകൾ മാത്രമാണെന്ന മലയാളി ധാരണ മാറേണ്ടതുണ്ടെന്നും നിലവിലുള്ള ലാൻഡ് റിഫോംസ് ആക്റ്റ് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോളജ് അധ്യാപക സംഘടനകളുടെ പിടിവാശി കാരണം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കോഴ്സുകൾ അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നും ഇത് കേരളത്തിലെ യുവാക്കൾ നാടുവിടുന്നതിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി. സർക്കാർ ജീവനക്കാർക്കായി ‘ഇ-ഓഫീസ്’ സംവിധാനം നടപ്പിലാക്കി എവിടെയിരുന്നും ജോലി ചെയ്യാനുള്ള അവസരം ഒരുക്കണം.
പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നാൽ മാത്രമേ ഭരണതലത്തിലും വികസനത്തിലും യഥാർത്ഥ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ എഴുത്തുകാരായ ടി.ഡി.
രാമകൃഷ്ണൻ, വി.ജെ. ജെയിംസ്, ചലച്ചിത്രകാരൻ ജയൻ ചെറിയാൻ, സാംസ്കാരിക പ്രവർത്തകരായ എ.പി.
അഹമ്മദ്, പ്രഫസർ ടി.ജെ. ജോസഫ് തുടങ്ങി നിരവധി പ്രമുഖർ ഇത്തവണത്തെ ‘ലിറ്റ്മസ്’ സംഗമത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

