സമരവേദിയിലെ പ്രസംഗ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ജന്തർ മന്തറിന്റെ മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കൾ നിയമനടപടികൾ ശക്തമാക്കി. നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരാണ് ജാമ്യം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇന്നലെ രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി നൽകിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിഷയത്തിൽ അടിയന്തരമായി രാത്രിയിൽ തന്നെ വാദം കേൾക്കണമെന്ന് സിജെപി നിയമവിഭാഗം മേധാവി രത്ന സിംഗ് ആവശ്യപ്പെട്ടു.
നീതി വൈകരുതെന്നും ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് അവർ സമൂഹമാധ്യമമായ എക്സിൽ കുറിപ്പും പങ്കുവെച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് സൗരവ് ദാസിനെയും അശുതോഷിനെയും മന്തിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു.
മൂന്നര മണിക്കൂറോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇവരുടെ കസ്റ്റഡി വീണ്ടും നീട്ടി നൽകിയത്.
മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് സിജെപി നേതാക്കൾ ഉയർത്തിയത്. നിയമവ്യവസ്ഥയുടെ കടുത്ത ദുരുപയോഗമാണ് നടക്കുന്നതെന്ന് രത്ന സിംഗ് ആരോപിച്ചു.
വിചിത്രമായ കാരണങ്ങൾ നിരത്തിയാണ് ജാമ്യം നിഷേധിച്ചതെന്നും രേഖകളിലെ പൊരുത്തക്കേടുകൾ ഇതിനായി ഉപയോഗിച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ഷുവർറ്റി ബോണ്ടിലെ ചിത്രവും നിലവിലെ രൂപവും തമ്മിലുള്ള വ്യത്യാസം പോലും ജാമ്യം നിഷേധിക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചുവെന്നും അവർ ആരോപിച്ചു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതായി സൂചിപ്പിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്തെത്തി. ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവർ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു.
ജന്തർ മന്തർ പ്രതിഷേധത്തിൽ നേതാക്കൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിനൊപ്പം സംഘടനയെ പ്രതിരോധത്തിലാക്കി ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തേക്ക് പൊതുസമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തനത്തിലും ഇടപെടാൻ പാടില്ലെന്ന പീസ് ബോണ്ടിന്റെ വ്യവസ്ഥ പ്രകാരമാണ് അഭിജീത് ദീപ്കെയെ മുമ്പ് ജാമ്യത്തിൽ വിട്ടയച്ചിരുന്നത്.
ഇത് സംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

