കണ്ണൂർ ജില്ലയിലെ പ്രധാന ശുദ്ധജലസ്രോതസ്സായ പഴശി ജലസംഭരണി സ്ഥിതി ചെയ്യുന്ന ഇരിട്ടിപ്പുഴ മാലിന്യ നിക്ഷേപത്താൽ ഭീഷണിയിൽ. രാത്രിയുടെ മറവിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ പുഴയിലേക്ക് തള്ളുന്നതായി ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.
പുഴ മലിനീകരണം തടയണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി പ്രദേശത്ത് ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നടപടികൾ ഫലം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷി പറയുന്നതിങ്ങനെ: “തിങ്കൾ പുലർച്ചെ പ്രഭാതസവാരിക്കെത്തിയ പ്രദേശവാസിയാണു, പഴയപാലത്തിൽ ചാക്കുകെട്ടുകളുമായി നിന്നിരുന്ന ഒരാൾ മാലിന്യം പുഴയിലേക്കു തള്ളാൻ ശ്രമിക്കുന്നത് കണ്ടത്.
ശബ്ദമുയർത്തിയപ്പോൾ ഇയാൾ മാലിന്യം തള്ളാതെ അടുത്തുള്ള ടൂറിസ്റ്റ് ഹോമിലേക്ക് ഓടിക്കയറി.” ടൂറിസ്റ്റ് ഹോമുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പുലർച്ചെയുള്ള സമയങ്ങളിലാണ് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഈ കുറ്റകൃത്യങ്ങൾ തടയുവാൻ തക്കവണ്ണമുള്ള ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ പ്രദേശത്തില്ലെന്നും ജനങ്ങൾ വ്യക്തമാക്കി. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ടേക്ക് എ ബ്രേക്ക് പരിസരം എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ ദുർഗന്ധം വമിക്കുന്നതായും പരാതിയുണ്ട്.
മലിനജലം ഓവുചാലിലേക്ക് ഒഴുക്കി വിടുന്നതാണ് ഈ ദുർഗന്ധത്തിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ഇരിട്ടി ടൗണിലെ പഴയപാലത്തിലും പുതിയപാലത്തിലും രാത്രി പത്തിനു ശേഷം തെരുവുവിളക്കുകൾ അണയുന്നതോടെ ഇവിടങ്ങൾ സാമൂഹികവിരുദ്ധരുടെ താവളമായി മാറുന്നതായും ആക്ഷേപമുണ്ട്.
സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ നഗരസഭ സ്ഥാപിച്ച തെരുവുവിളക്കുകൾ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് നേരത്തേ അണയ്ക്കുന്നത്. പല വിളക്കുകളും മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
മേലെ സ്റ്റാൻഡിൽ വാഹനമിടിച്ച് തകർന്ന തെരുവുവിളക്കുകൾ ഒരു വർഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കുക, പഴയപാലത്തിലും പുതിയപാലത്തിലും പരിസരങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, രാത്രിയിലും തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണു പ്രദേശവാസികൾ ശക്തമായി ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

