റിലയൻസിന്റെ പ്രമുഖ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് 30,213 കോടി രൂപ മൂല്യമുള്ള 27 കോടി പുതിയ ഓഹരികളുമായി നാളെ പ്രഥമ ഓഹരി വിപണിയിലേക്ക് (ഐപിഒ) പ്രവേശിക്കുന്നു. ഈ ചുവടുവെയ്പ്പ് കമ്പനിക്കും മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും ഓഹരി ഉടമകൾക്കും വലിയ തോതിലുള്ള സാമ്പത്തിക നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിൽ ജിയോയിൽ 66.34 ശതമാനം ഓഹരി പങ്കാളിത്തമാണ് റിലയൻസിനുള്ളത്. എന്നാൽ, ഇതുവരെ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്തതിനാൽ ഇതിന്റെ യഥാർത്ഥ വിപണി മൂല്യം എത്രയെന്ന് കൃത്യമായി കണക്കാക്കാൻ സാധിച്ചിരുന്നില്ല.
വിപണി പ്രവേശനത്തോടൊപ്പം ഒരു ഓഹരിക്ക് വിപണി നിശ്ചയിച്ചിരിക്കുന്ന മൂല്യം 1,065 രൂപ മുതൽ 1,119 രൂപ വരെയാണ്. ഈ നിരക്ക് അടിസ്ഥാനമാക്കിയാൽ, റിലയൻസിന്റെ കൈവശമുള്ള ജിയോ ഓഹരികളുടെ ആകെ വിപണി മൂല്യം 6.6 ലക്ഷം കോടി രൂപയോളം വരും.
ഇത് മൊത്തത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യത്തിന്റെ അഞ്ചിൽ രണ്ട് ഭാഗം വരും എന്നത് ശ്രദ്ധേയമാണ്. ജിയോയ്ക്ക് വിപണിയിൽ 20 മുതൽ 25 ശതമാനം വരെ ലിസ്റ്റിംഗ് നേട്ടമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഈ മുന്നേറ്റത്തിന്റെ മുഴുവൻ പ്രയോജനവും റിലയൻസ് ഓഹരി ഉടമകളിലേക്ക് എത്തും. റിലയൻസിന്റെ ചരിത്രപരമായ ഐപിഒ നേട്ടങ്ങൾ വ്യവസായ ലോകത്ത് റിലയൻസിന്റെ വിജയഗാഥയിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ഈ പ്രഥമ ഓഹരി വിപണി പ്രവേശനം.
1973-ൽ ധീരുഭായ് അംബാനി ‘മൈ നൈലോൺ’ എന്ന കമ്പനിയുമായാണ് ഇന്ത്യൻ വ്യവസായ രംഗത്തേക്ക് രംഗപ്രവേശം ചെയ്തത്. തുടർന്ന് 1977-ൽ കമ്പനിയുടെ പേര് റിലയൻസ് ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
2.80 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി 1977-ൽ കമ്പനി ആദ്യമായി വിപണിയിലെത്തിച്ച ഐപിഒ വൻ വിജയമായി മാറി. അന്ന് നിക്ഷേപകരുടെ ഭാഗത്തുനിന്ന് ഏഴിരട്ടിയിലധികം അപേക്ഷകളാണ് ലഭിച്ചത്.
അക്കാലത്ത് 10 രൂപ മുഖവിലയുള്ള 100 ഓഹരികൾക്കായി 1,000 രൂപ മുടക്കിയ നിക്ഷേപകരുടെ ഇന്നത്തെ ആസ്തി ഏകദേശം 52 ലക്ഷം രൂപയാണ്. നിരന്തരമായ ബോണസ് ഇഷ്യുകളിലൂടെ തുടക്കത്തിൽ ലഭിച്ച ആ 100 ഓഹരികൾ പിന്നീട് വളർന്ന് 4,096 ഓഹരികളായി മാറുകയുണ്ടായി.
ഇതിനുപുറമേ, ജിയോ ഫിനാൻഷ്യൽ സർവീസസ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപെടുത്തിയ വേളയിൽ, അന്ന് നിക്ഷേപകർക്ക് തത്തുല്യമായ ജിയോ ഫിനാൻഷ്യൽ ഓഹരികളും ലഭിച്ചിരുന്നു. ഈ രണ്ട് വിഭാഗം ഓഹരികളിൽ നിന്നുമായി നിലവിൽ നിക്ഷേപകർക്ക് വിപണിയിൽ നിന്ന് ലഭ്യമാകുന്ന തുക ഏകദേശം 52 ലക്ഷം രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

