നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നോർത്ത് പറവൂർ മൂകാംബിക ക്ഷേത്ര പരിസരത്തും നഗരത്തിലും പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഒക്ടോബർ 21-ന് വെളുപ്പിനു 3 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.
ഈ സമയത്ത് കെ.എം.കെ ജംക്ഷനിൽ നിന്ന് പുല്ലംകുളം ചിത്രാഞ്ജലി ജംക്ഷൻ വരെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് എത്തുന്ന വിവിധ റോഡുകളിലും കർശന നിയന്ത്രണമുണ്ടാകും.
ലിമിറ്റഡ് സ്റ്റോപ് ബസ് സ്റ്റാന്റ്- മൂകാംബിക റോഡ്, പറവൂർ പോസ്റ്റ് ഓഫിസ് – മൂകാംബിക റോഡ്, സെന്റ് ജർമ്മൈൻസ് റോഡ്, പലാരം ജംഗഷ്ൻ- മൂകാംബിക റോഡ്, ശാന്തി ഹോസ്പിറ്റൽ- മൂകാംബിക റോഡ്, പറവൂർ കോടതി- മൂകാംബിക റോഡ് തുടങ്ങിയ വഴികളിലേക്ക് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള യാതൊരു വാഹനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കില്ല. മേൽപ്പറഞ്ഞ പാതകളിൽ പൊതുജനങ്ങൾക്കായി കാൽനടയാത്ര മാത്രമായിരിക്കും അനുവദിക്കുക.
ആരാധനാലയത്തിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ലിമിറ്റഡ് സ്റ്റോപ് ബസ് സ്റ്റാന്റ്, പുല്ലംകുളം സ്കൂൾ ഗ്രൗണ്ട്, കോടതി പരിസരം, സണ്ണി കൺവൻഷൻ സെന്റർ എന്നിവിടങ്ങളിൽ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ചുണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ഫയർ ആൻഡ് റസ്ക്യൂ ടീമിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ, അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെയും രംഗത്തിറക്കും. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലുമായി ഇരുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

