ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരൻ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ദാരുണമായി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്. കാർത്തികപ്പള്ളി ഡാണാപ്പടി റോഡരികിലെ പുരയിടത്തിലുള്ള വാടകവീട്ടിൽ താമസിക്കുന്ന രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ മകനായ രാഹുൽ ആണ് മരിച്ചത്.
തറയിൽ നിറയെ ചെളിയും ചിതറിക്കിടക്കുന്ന വൃത്തിഹീനമായ തുണികളുമുള്ള അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. ആഹാരമോ முறையான പരിചരണമോ ഇല്ലാതെയായിരുന്നു ഈ കുഞ്ഞുങ്ങളുടെ ജീവിതം.
കുട്ടിയെ പരിചരിക്കാനും ഭക്ഷണം നൽകാനും നാട്ടുകാർ പലതവണ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ അതിന് തയാറായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. “മാതാപിതാക്കൾ ഭക്ഷണം കൊടുക്കില്ല.
രാത്രി പാൽ വാങ്ങി വെള്ളം ചേർത്ത് കൊടുക്കും. മൂത്ത കുട്ടികളുടെ കയ്യിലാണ് പാൽ കൊടുക്കുന്നത്.
അച്ഛനും അമ്മയും ചെറിയ കുട്ടികളെ നോക്കില്ല. കുളിപ്പിക്കില്ല.
മൂത്ത കുട്ടികളാണ് നോക്കിയിരുന്നത്. അയൽവാസികളാണ് ഭക്ഷണം കൊടുത്തിരുന്നത്.
9 വയസ്സുള്ള കുട്ടിയെ കൊണ്ടാണ് കിണറ്റിൽനിന്ന് വെള്ളം കോരിക്കുന്നത്” എന്ന് അയൽവാസി വ്യക്തമാക്കി. കുട്ടികളെ തനിച്ചാക്കി മാതാപിതാക്കൾ രാത്രി 12 മണിയോടെയാണ് തിരിച്ചെത്താറുള്ളത്.
അതുവരെ അയൽവാസികളാണ് ഇവരെ നോക്കിയിരുന്നത്. സ്ഥിരമായി കട്ടൻ ചായയിൽ ബിസ്കറ്റ് കലക്കി നൽകുന്നതായിരുന്നു കുട്ടിയുടെ പ്രധാന ആഹാരം.
കുട്ടിയുടെ ജനിച്ച തീയതി പോലും മാതാപിതാക്കൾക്ക് അറിയുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് വാക്സിനേഷൻ പോലും എടുത്തിരുന്നില്ല.
അവസ്ഥ ഗുരുതരമായതിനെ തുടർന്ന് മുൻപ് വാടകവീടിന്റെ ഉടമ പൊലീസിൽ വിവരമറിയിച്ചിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചതുപ്രകാരം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ ആണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
ഇന്നലെ രാവിലെ 6.30ഓടെയാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. അമ്മ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ ആയതിനാൽ സംഭവസമയത്ത് വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്.
തുടർന്ന് രാജേഷ് തന്റെ ഓട്ടോറിക്ഷയിൽ രാഹുലിനെ മറ്റ് നാല് മക്കൾക്കൊപ്പം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് മറ്റ് കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു.
മൂന്ന് വർഷം മുൻപ് ഇവർക്ക് മറ്റൊരു ആൺകുട്ടിയും നഷ്ടപ്പെട്ടിരുന്നു. ഗർഭിണിയായ താരയെയും കുട്ടികളെയും കഴിഞ്ഞ ആഗസ്റ്റിൽ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തെങ്കിലും, താര ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് ഒന്നര ആഴ്ചയ്ക്ക് ശേഷം തിരിച്ചയക്കുകയായിരുന്നു.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി സമീപിച്ചപ്പോഴും മാതാപിതാക്കൾ അതിന് തയ്യാറായിരുന്നില്ല.

