തിരുവനന്തപുരം: ബേക്കറി വഴിയുള്ള വീര്യം കൂടിയ വൈന്‍ വില്‍പ്പനയ്ക്ക് ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചു. അബ്കാരി ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി ഉത്തരവിറക്കുകയായിരുന്നു.
മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ നടത്തിയ ഈ നീക്കത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അതിവേഗ ഇടപെടല്‍ ഉണ്ടായത്. വിവാദ ഉത്തരവിനെ തുടര്‍ന്ന് ചാലക്കുടിയിലെ ബേക്കറിക്ക് അനുവദിച്ച ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ അബ്കാരി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍കുമാറാണ് ചാലക്കുടിയിലെ ബേക്കറിക്ക് വീര്യം കൂടിയ വൈന്‍ വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കിയത്. എന്നാല്‍, വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയോ ഈ വിഷയത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
അനുമതി നല്കിയ നടപടി വിവാദമായതോടെയാണ് വില്പന റദ്ദാക്കുകയും ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്തത്. നിലവില്‍ വി സുഭാഷിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
വൈന്‍ ഉല്പാദിപ്പിക്കാന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, അത് ചില്ലറയായി വില്ക്കാന് ലൈസന്‍സ് ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.
ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ, എം ആര് സി ബേക്കറി 10,000 രൂപ ലൈസന്‍സ് ഫീസില്‍ 42,000 രൂപയുടെ വൈന്‍ കഴിഞ്ഞദിവസം പര്‍ച്ചേസ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക നയം പൂര്‍ണ്ണമായും അംഗീകരിക്കുമെന്ന് ഡിസ്റ്റിലറി ഉടമ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ നവംബറിലാണ് ഹോര്‍ട്ടിവൈന്‍ വില്പനയ്ക്കായുള്ള ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനുള്ള അനുമതി ലഭിച്ചതാകട്ടെ ജൂണിലും.
പുതിയ എക്സൈസ് കമ്മീഷണര്‍ ചുമതലയേറ്റ് രണ്ടുദിവസത്തിനകം ഫയലുകളില്‍ അതിവേഗ നീക്കം നടന്നതില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

