സംസ്ഥാനത്ത് ഏറെ ചർച്ചയായ ഹോർട്ടിവൈൻ വിൽപ്പനയ്ക്കുള്ള ലൈസൻസ് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. തൃശൂർ പൂവത്തുശേരിയിലെ ഒരു ബേക്കറിക്ക് അനുവദിച്ച ലൈസൻസാണ് പുതിയ ഉത്തരവ് പ്രകാരം തടഞ്ഞത്.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെയാണ് ഈ നടപടിയെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോർട്ടി വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് എക്സൈസ് കമ്മീഷണർ കർശനമായി ഉറപ്പുവരുത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നുണ്ട്.
നിലവിൽ പുതിയ സർക്കാർ മദ്യനയം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ബേക്കറികളിലും ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ ചട്ട
ഭേദഗതി തുടരണമോ എന്ന കാര്യം പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമമായി തീരുമാനിക്കുക. അതുവരെയുള്ള കാലയളവിലേക്കാണ് മുൻ ഉത്തരവ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയോ എക്സൈസ് മന്ത്രിയുടെയോ പ്രത്യേക അനുമതി തേടാതെ ലൈസൻസ് നൽകിയതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ലൈസൻസ് നൽകിയ വിവരം പുറത്തുവന്നയുടൻ, ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികളുണ്ടായി.
മുൻ സർക്കാരിന്റെ കാലത്തെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്ത എക്സൈസ് ഉദ്യോഗസ്ഥനെയാണ് ഞായറാഴ്ച തന്നെ സ്ഥാനത്തുനിന്ന് നീക്കിയത്. അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെയാണ് ചുമതലകളിൽ നിന്നും മാറ്റിയത്.
അദ്ദേഹത്തിന് പകരം വി സുഭാഷിനെ പുതിയ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. മാറ്റിസ്ഥാപിക്കപ്പെട്ട
അനിൽ കുമാറിന് നിലവിൽ പുതിയ നിയമനങ്ങൾ ഒന്നും നൽകിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

