രാഷ്ട്രീയ പ്രവര്ത്തന രംഗത്ത് കടന്നുവന്ന വഴികള് ആരും മറക്കരുതെന്നും, പറയാനുള്ള കാര്യങ്ങളെല്ലാം പാര്ട്ടി വേദികളില് തുറന്നു പറഞ്ഞിട്ടുണ്ടെന്നും കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വ്യക്തമാക്കി. മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ പിണറായി വിജയന് സര്ക്കാര് വേട്ടയാടിയത് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം കൊച്ചിയില് പറഞ്ഞു.
എസ്എഫ്ഐയുടെ ശക്തികേന്ദ്രമായ ക്യാംപസില് സംഘടനാ പ്രവര്ത്തനം നടത്തിയാണ് താൻ രാഷ്ട്രീയത്തിലെത്തിയത്. ജെഎന്യുവില് എസ്എഫ്ഐയുടെയും ഐസയുടേയും ശക്തിയുള്ള ഇടത്താണ് പ്രവര്ത്തിച്ചത്.
എന്നാല് അതിന്റെയൊക്കെ എത്രയോ ഇരട്ടി സിപിഎമ്മിന്റെ ശക്തിദുര്ഗമായ, അക്രമരാഷ്ട്രീയത്തിന്റെ കേന്ദ്രമായ കണ്ണൂരില് രാഷ്ട്രീയ പ്രവര്ത്തനം നടത്തിയ നേതാവാണ് കെ.സുധാകരന്. ചുറ്റും നിന്ന സഹപ്രവര്ത്തകരെ നഷ്ടപ്പെടുന്നത് കാണേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം.
അതുകൊണ്ടുതന്നെയാണ് സുധാകരന്റെ പ്രതികരണങ്ങളില് അത്രയധികം തീവ്രത ഉണ്ടാകുന്നതെന്നും മാത്യു കുഴൽനാടൻ വിശദീകരിച്ചു. എല്ലാവര്ക്കും ഒരേപോലെ പ്രവര്ത്തിക്കാന് കഴിയില്ല.
ഒരേ അച്ചില് വാര്ത്തതുപോലെ രാഷ്ട്രീയത്തില് പ്രവര്ത്തകരും നേതാക്കളും ഉണ്ടാകണമെന്നില്ല. പിണറായി വിജയനെതിരായ നിലപാടുകളില് തന്റെ അഭിപ്രായം പാര്ട്ടി വേദിയില് കൃത്യമായി ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള മുന്നിര മന്ത്രിമാര് സന്നിഹിതരായിരുന്ന വേദിയിലാണ് കാര്യങ്ങള് തുറന്നു പറഞ്ഞത്. അവര് അത് ശ്രദ്ധാപൂര്വം കേള്ക്കുകയും അവരുടെ ഭാഗം യോഗത്തില് വ്യക്തമാക്കുകയും ചെയ്തു.
അതെല്ലാം തികച്ചും ജനാധിപത്യപരമായാണ് കാണുന്നത്. അധികാരം ദുരുപയോഗപ്പെടുത്തി ഉമ്മന്ചാണ്ടിയെ പോലൊരു ജനകീയ നേതാവിനെ വിചാരണ ചെയ്യുകയാണ് അന്നത്തെ സര്ക്കാര് ചെയ്തത്.
ജസ്റ്റിസ് ശിവരാജന് കമ്മിഷനു മുന്നില് ഉമ്മന്ചാണ്ടി ഹാജരായിരിക്കുന്ന ചിത്രം ഇന്നു കാണുമ്പോഴും എല്ലാവരിലും വൈകാരികമായ ബുദ്ധിമുട്ടുകള് ഉണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ ലോകത്തിനു മുന്നില് വിചാരണ ചെയ്ത ആ കാഴ്ച കേരളത്തിന് മറക്കാന് സാധിക്കില്ല.
നിയമപരമായ നടപടികളിലൂടെ ഉമ്മന്ചാണ്ടിയെ കുറ്റവാളിയെപ്പോലെ ഇരുത്തി വിചാരണ ചെയ്യുകയായിരുന്നില്ലേ. അതിനെ അങ്ങനെ എളുപ്പം വിസ്മരിച്ചു കളയാന് സാധിക്കില്ല.
ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്ന ആ വേദന മറക്കുക എളുപ്പമല്ല. ഒരു തെറ്റും ചെയ്യാത്ത ഒരാളെ വിചാരണ ചെയ്യാന് അന്നത്തെ അധികാര കേന്ദ്രങ്ങളും അധികാരത്തിലിരുന്നവരും അധികാരം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

