ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയ സെലക്ടര്മാരുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. ഷമി ടീമിലില്ലെന്ന വാർത്ത ന്യൂസിലൻഡ് ബാറ്റർമാർക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് കൈഫ് തുറന്നടിച്ചു.
രഞ്ജി ട്രോഫിയിൽ ബംഗാളിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി ഫോം തെളിയിച്ചിട്ടും ഷമിയെ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടർമാരുടെ നിലപാടിൽ സുതാര്യതയില്ലെന്നും ക്രിക്ബസിലെ ചർച്ചയിൽ അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തമാസം 19-ന് വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ആകാശ് ദീപ്, അൻഷുൽ കംബോജ് എന്നിവരെ തിരികെ വിളിച്ചപ്പോൾ, 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പുറത്തുനിൽക്കുന്ന ഷമിയെ സെലക്ടര്മാര് വീണ്ടും അവഗണിക്കുകയാണുണ്ടായത്.
ന്യൂസിലൻഡിൽ 4 ടെസ്റ്റുകളിൽ നിന്ന് 15 വിക്കറ്റുകളും 12 ഏകദിനങ്ങളിൽ നിന്ന് 27 വിക്കറ്റുകളും നേടിയ മികച്ച റെക്കോര്ഡ് ഷമിയുടെ പേരിലുണ്ട്. ന്യൂസിലൻഡ് ബാറ്റർമാരോട് മൈതാനത്ത് നേരിടാൻ ആഗ്രഹിക്കാത്ത ബൗളർ ആരാണെന്ന് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് മുഹമ്മദ് ഷമിയുടേതായിരിക്കുമെന്ന് കൈഫ് വ്യക്തമാക്കി.
2023 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലും സെമിഫൈനലിലും ഒറ്റയ്ക്ക് മത്സരം ജയിപ്പിച്ചത് ഷമിയാണ്. ഷമി ടെസ്റ്റ് പരമ്പരയ്ക്കില്ല എന്ന് കേൾക്കുമ്പോൾ ന്യൂസിലൻഡ് നിര ആശ്വാസിക്കുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷമി ദീർഘമായ സ്പെല്ലുകൾ എറിയാൻ പ്രാപ്തനല്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന വാദങ്ങളെയും കൈഫ് പൂർണ്ണമായി തള്ളി. ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ജസ്പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കാനായി ഇംഗ്ലണ്ടിനെതിരെ കുറഞ്ഞ സ്പെല്ലുകളിലാണ് പന്തെറിയിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രഞ്ജി ട്രോഫിയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് വിക്കറ്റുകൾ വീഴ്ത്തുന്ന ഒരു താരത്തെ എന്തുകൊണ്ടാണ് മാറ്റിനിർത്തുന്നതെന്ന് ആരാധകരോടും കളിക്കാരനോടും വ്യക്തമാക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറാകണമെന്ന് കൈഫ് ആവശ്യപ്പെട്ടു. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരായ പരമ്പര ഏറെ നിർണായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

