ഐപിഎല് ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്സ് പുതിയ മുഖ്യ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജിതമാക്കി. ദീർഘകാലമായി ഫ്രാഞ്ചൈസിയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന മഹേല ജയവര്ധനെ പടിയിറങ്ങിയ ഒഴിവിലേക്കാണ് പുതിയ നിയമനം.
ജയവര്ധനെ സ്ഥാനമൊഴിയുന്നതായി ശനിയാഴ്ച ഫ്രാഞ്ചൈസി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പുതിയ പരിശീലകനായുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഹെഡ് കോച്ച് പദവിയിലേക്ക് മാനേജ്മെന്റ് അഞ്ച് അംഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനായുള്ള അഭിമുഖ നടപടികൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നാണ് ഫ്രാഞ്ചൈസിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിൽ രണ്ട് ഓസ്ട്രേലിയൻ താരങ്ങളും ഉൾപ്പെടുന്നുണ്ട്.
മുൻ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് കോച്ച് മൈക്കൽ ഹസ്സി, മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്, അഡ്രിയാൻ ബിറെൽ, മാർക്ക് ബൗച്ചർ, ഇംഗ്ലണ്ടിന്റെ ലോകകപ്പ്േ നേടിക്കൊടുത്ത മുൻ നായകൻ ഓയിൻ മോർഗൻ എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. വരാനിരിക്കുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി പുതിയ പരിശീലകനെ ഉടൻതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ചെന്നൈ ടീമിനൊപ്പം ഒമ്പത് വർഷത്തോളം പരിശീലകനായി പ്രവർത്തിച്ച പരിചയസമ്പത്തുള്ള മൈക്കൽ ഹസ്സി പരിശീലക സ്ഥാനത്തേക്ക് ശക്തമായ പരിഗണനയിലുണ്ട്. 2021-ലെ ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച ആരോൺ ഫിഞ്ചും സമാനമായ രീതിയിൽ പരിഗണിക്കപ്പെടുന്നുണ്ട്.
ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ചും ടൂർണമെന്റിന്റെ സ്വഭാവത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അറിവ് ടീമിന് മുതൽക്കൂട്ടാകും. മുംബൈയുടെ തന്ത്രങ്ങൾക്കും ആക്രമണോത്സുക ശൈലിക്കും ഇണങ്ങുന്ന സമീപനമാണ് ഓയിൻ മോർഗന്റേത്.
ഇംഗ്ലണ്ട് ദേശീയ ടീമിനെ വിജയകരമായി നയിച്ച മുൻപരിചയമുള്ളതിനാൽ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് തുടങ്ങിയ സൂപ്പർ താരങ്ങളുള്ള ഡ്രസ്സിംഗ് റൂം നിയന്ത്രിക്കാൻ മോർഗന് സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, 2023-2024 സീസണുകളിൽ മുംബൈയുടെ ഹെഡ് കോച്ചായി പ്രവർത്തിക്കുകയും 2023-ൽ ടീമിനെ പ്ലേഓഫിലെത്തിക്കുകയും ചെയ്ത മാർക്ക് ബൗച്ചറും ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

